പേജുകള്‍‌

2011, ജൂലൈ 2, ശനിയാഴ്‌ച

ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി


ഗുരുവായൂര്‍: ച്യവനപ്രാശവും അഷ്ടചൂര്‍ണവും ധാതുലവണങ്ങളും നിറഞ്ഞ ഔഷധക്കൂട്ടുകളുടെ ഉരുള നല്‍കി ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി. ദേവസ്വത്തിലെ 63 ആനകളില്‍ നീരിലുള്ള 17 എണ്ണത്തെ ഒഴിച്ച് 46 ആനകള്‍ക്കാണ് വെള്ളിയാഴ്ച ചികിത്സ ആരംഭിച്ചത്. ഒരുമാസം ചികിത്സ ഉണ്ടാകും. മദപ്പാട് കഴിയുന്നമുറയ്ക്ക് മറ്റ് ആനകള്‍ക്കും സുഖചികിത്സ നടക്കും.

ച്യവനപ്രാശം, അഷ്ടചൂര്‍ണം, ചെറുപയര്‍, മുതിര, ഷാര്‍ക്കോഫെറോള്‍, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചോറ് എന്നിവ അടങ്ങിയ ഔഷധക്കൂട്ട് ഒട്ടേറെ ചെമ്പുകളില്‍ തയ്യാറാക്കിയിരുന്നു.

ദേവസ്വംവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, കൊമ്പന്‍ കേശവന്‍കുട്ടിക്ക് ഉരുള വായില്‍ നല്‍കിയതോടെ ചികിത്സയ്ക്ക് തുടക്കംകുറിച്ചു. മാടമ്പ് കുഞ്ഞുകുട്ടനും അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമനും ആനകള്‍ക്ക് ഭക്ഷണം നല്‍കി.

ഇനി ദിവസവും രാവിലെ ആനകളെ വിസ്തരിച്ച് കഴുകി തുടയ്ക്കും. തുടയ്ക്കല്‍ കഴിഞ്ഞാല്‍ പനമ്പട്ട നല്‍കും. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഊട്ടുതറയില്‍ ഔഷധച്ചോറ് നല്‍കും. പിന്നീട് വീണ്ടും പട്ടയും വെള്ളവും നല്‍കും. ഏഴുലക്ഷം രൂപയാണ് ഇക്കൊല്ലം സുഖചികിത്സയ്ക്ക് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.

നേരത്തെ പുന്നത്തൂര്‍ കോട്ടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപം തെളിയിച്ച് സുഖചികിത്സ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം.രഘുരാമന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിദാസ് കൂടത്തിങ്കലിന്റെ അഷ്ടപദിയോടെയാണ് ചടങ്ങ് തുടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.