പേജുകള്‍‌

2011, ജൂലൈ 14, വ്യാഴാഴ്‌ച

ചലച്ചിത്രനടന്‍ പ്രഭുദേവ ബുധനാഴ്ച ഗുരുവായൂരപ്പസന്നിധിയിലെത്തി

ഗുരുവായൂര്‍: പ്രശസ്ത ചലച്ചിത്രനടന്‍ പ്രഭുദേവ ബുധനാഴ്ച ഗുരുവായൂരപ്പസന്നിധിയിലെത്തി. തിരുമുല്‍ക്കാഴ്ചയായി പീതാംബരപട്ടില്‍ പൊന്‍താലി സമര്‍പ്പിച്ച് തൊഴുതു. കൂടെ വന്ന നടി നയന്‍താര ക്ഷേത്രത്തില്‍ പ്രവേശിക്കാതെ പുറത്ത് കാറില്‍ തന്നെ കാത്തിരുന്നു.

രാവിലെ ഏഴുമണിയോടെയാണ് പ്രഭുദേവയും നയന്‍താരയും ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തില്‍ ആരുമറിയാതെ എത്തിയത്. കറുത്ത ബി.എം.ഡബ്ല്യു. കാറില്‍ നിന്ന് പ്രഭുദേവ ഇറങ്ങി. കാവിമുണ്ടും കാവിവേഷ്ടിയുമായിരുന്നു വേഷം. നയന്‍താര ഇറങ്ങിയില്ല. അന്യമതസ്ഥയായതിനാല്‍ ക്ഷേത്രദര്‍ശനം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. പ്രഭുദേവ സോപാനത്ത് ചുവന്ന പട്ടും പീതാംബരപട്ടും വിരിച്ചു. ഗുരുവായൂരപ്പനെ തൊഴുത് പട്ടില്‍ പൊന്‍താലി സമര്‍പ്പിച്ചു. ഒരുകെട്ട് നോട്ടും ഒരു കുല കദളിപ്പഴവും സോപാനത്ത് സമര്‍പ്പിച്ചു. 

മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരിയില്‍ നിന്ന് കളഭം, പഴം തുടങ്ങിയ പ്രസാദം ഏറ്റുവാങ്ങി. ഗണപതി, ഭഗവതി, അയ്യപ്പന്‍ എന്നീ ഉപദേവന്മാരെ വണങ്ങിയശേഷം ഗോപുരത്തിലെത്തിയ പ്രഭുദേവയ്ക്ക് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.വി.സോമന്‍, മാനേജര്‍ എം. നാരായണന്‍ എന്നിവര്‍ പ്രസാദമായ വാകച്ചാര്‍ത്ത് തീര്‍ത്ഥവും ആടിയ എണ്ണയും തിരുമുടിമാലയും നല്കി. ഗോപുരത്തില്‍ നിന്ന് ഇറങ്ങുമ്പോഴേയ്ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒട്ടേറെ ഭക്തര്‍ ചുറ്റും തടിച്ചുകൂടി. ഉടനെ എങ്ങും നില്ക്കാതെ ശ്രീവത്സം ഗസ്റ്റ്ഹൗസ് മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറില്‍ കയറി യാത്രതിരിച്ചു.

ശാന്തിമഠം ബില്‍ഡേഴ്‌സിന്റെ അരിയന്നൂരിലുള്ള വില്ലയിലേക്കായിരുന്നു അവര്‍ പോയത്. അവിടെ നയന്‍താരയ്ക്ക് സ്വന്തമായി വില്ലയുണ്ട്. 406-ാം നമ്പര്‍ ആഢംബര വില്ല രണ്ടുവര്‍ഷം മുമ്പ് വാങ്ങിയതാണ്. പ്രഭുദേവ ആദ്യമായാണ് ഈ വില്ലയിലേക്ക് വരുന്നത്. 15 മിനിറ്റോളം അവര്‍ അവിടെ കഴിച്ചുകൂട്ടി. പിന്നീട് മടങ്ങി. പ്രഭുദേവയും നയന്‍താരയും അരിയന്നൂരില്‍ വന്നുവെന്ന വിവരം പെട്ടെന്ന് പ്രചരിച്ചതോടെ ആളുകള്‍ ഓടിക്കൂടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.