പേജുകള്‍‌

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാംപ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും: ദീപക് കൃഷന്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാംപ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കൃഷന്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

പ്ലാറ്റ്‌ഫോം നിര്‍മാണത്തിനായി ഇനിയും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുണ്ടെങ്കിലും എടുത്ത സ്ഥലത്തുള്ള നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജനറല്‍ മാനേജര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പത്തുകോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. ആറുകോടി ലഭിച്ചിരുന്നു. ബാക്കി തുക എത്രയും വേഗം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

2010 സപ്തംബറിലാണ് റെയില്‍വേസ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി രണ്ടാംപ്ലാറ്റ്‌ഫോമിന്റെയും റെയില്‍വേ യാര്‍ഡിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിപൂജ നടത്തി തുടങ്ങിയത്. 550 മീറ്റര്‍ നീളമുള്ളതാണ് പ്ലാറ്റ്‌ഫോം പദ്ധതി. ഇതിന്റെ രണ്ടുഭാഗങ്ങളിലും തീവണ്ടികള്‍ നിര്‍ത്താനുള്ള സൗകര്യമുണ്ടാകും. പണി പൂര്‍ത്തിയായാല്‍ ഒരേസമയം മൂന്നു തീവണ്ടികള്‍ക്ക് നിര്‍ത്തിയിടാനാകും. മേല്‍ക്കൂരയും പണിയുന്നുണ്ട്.

സപ്തംബറില്‍ പ്ലാറ്റ്‌ഫോം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ 8 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ താമസം ഉണ്ടാക്കരുതെന്ന് ജനറല്‍ മാനേജര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. രണ്ടാംപ്ലാറ്റ്‌ഫോം നിര്‍മാണത്തിന്റെ രൂപരേഖയും അദ്ദേഹം വിശദമായി പരിശോധിക്കുകയുമുണ്ടായി.

ഗുരുവായൂര്‍-തിരുനാവായപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ പ്രവര്‍ത്തനങ്ങളില്‍ പലയിടങ്ങളിലും തടസ്സങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ തടസ്സങ്ങള്‍ നീങ്ങണം.

റെയില്‍വേ സ്റ്റേഷന്റെ ഭാഗങ്ങളെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. കവാട പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ചു. തീവണ്ടികളുടെ സമയപ്പട്ടിക എഴുതിവെച്ചിട്ടുള്ള പഴകിയ ബോര്‍ഡ് പുതുതായി സ്ഥാപിക്കാനും നിര്‍ദേശമുണ്ടായി. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജീവ്ദത്ത് ശര്‍മ, റെയില്‍വേ ചീഫ് എന്‍ജിനീയര്‍ പി. ജയകുമാര്‍, ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ ജെ. വിനയന്‍, സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ സുന്ദരം എന്നിവര്‍ ജനറല്‍ മാനേജര്‍ക്കൊപ്പം ഉണ്ടായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥ സംഘത്തെ ഗുരുവായൂര്‍ സ്റ്റേഷന്‍ സൂപ്രണ്ട് എ.എസ്. നടരാജന്‍, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ പരമേശ്വരന്‍നമ്പൂതിരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.