പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം. പ്രസിഡന്റിനെ ഏതുവിധേനയും പുകച്ചുചാടിക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. കഴിഞ്ഞദിവസം പ്രസിഡന്റ് നടത്തിയ പരാമര്‍ശം വിവാദമാക്കിയാണ് എതിര്‍ചേരിയുടെ നീക്കം.ഭരണസമിതിയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.യൂത്ത് ഫ്രണ്ട് എമ്മും യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്.
യൂത്ത് ഫ്രണ്ട് എമ്മും യൂത്ത് കോണ്‍ഗ്രസും നടത്തിയ ആരോപണത്തിനുപിന്നില്‍ ഭരണപക്ഷത്തെ തന്നെ ഒരു അംഗമാണത്രേ.വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഇക്കാര്യം തുറന്നടിച്ചു. പ്രസിഡന്റിനെ അനുകൂലിച്ച് കോണ്‍ഗ്രസിലെ എ വിഭാഗം രംഗത്തുണ്ട്.കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് സെക്രട്ടറി ഡേവിസ് പുത്തൂര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഒ.ജെ.ഷാജന്‍ തുടങ്ങിയ നേതാക്കളാണ് പ്രസിഡന്റിനൊപ്പം.
വൈസ് പ്രസിഡന്റ് ലീഗിലെ വി.കെ. അബ്ദുല്‍ ഫത്താഹ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഐ വിഭാഗത്തിലെ വിമല സേതുമാധവന്‍, കേരള കോണ്‍. അംഗം എന്‍.ജെ. ലിയോ എന്നിവരാണ് പ്രസിഡന്റ് വിരുദ്ധ പക്ഷത്ത്.വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഫത്താഹിന്റെ മേല്‍ക്കോയ്മ മുഖവിലക്കെടുക്കാത്തതും അദ്ദേഹത്തിന്റെ ദുരഭിമാനവുമാണ് പ്രസിഡന്റിനെതിരെ അംഗങ്ങളില്‍ വികാരമുണ്ടാക്കിയതിന് പിന്നിലെന്നാണ് പ്രസിഡന്റ് അനുകൂലികള്‍ പറയുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവായപ്രകാരമാണ് എ വിഭാഗക്കാരിയായ ത്രേസ്യാമ്മ റപ്പായിയെ പ്രസിഡന്റാക്കിയത്. പരേതനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റപ്പായി വെള്ളറയുടെ ഭാര്യയാണ്. കന്നിയംഗമായി ജയിച്ച ഇവരെ പ്രസിഡന്റാക്കുന്നതിനോട് പല പ്രമുഖര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി മദ്യപിച്ചാണ് പലപ്പോഴും ജോലിക്കെത്തുന്നതെന്നും പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.ഇദ്ദേഹത്തെ മാറ്റുന്നത് സജീവ പരിഗണനയിലാണെന്നും പ്രസിഡന്റ് പറഞ്ഞു. സെക്രട്ടറിയെ മാറ്റുന്നതിനോട് പല അംഗങ്ങള്‍ക്കും യോജിപ്പില്ലത്രേ. അതേസമയം, സെക്രട്ടറിയെ മാറ്റണമെന്ന് ചില അംഗങ്ങള്‍ വാദിക്കുന്നുമുണ്ട്.യു.ഡി.എഫ് ഭരിക്കുന്ന പാവറട്ടിയില്‍ പ്രതിപക്ഷം ദുര്‍ബലമാണ്.
വേനലില്‍ കുടിവെള്ളം വിതരണം ചെയ്ത സംഭവമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയുടെ തുടക്കം.കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലത്തേക്ക് അംഗങ്ങളോട് അഭിപ്രായം ചോദിക്കാതെ ആവശ്യത്തിന് വെള്ളമെത്തിച്ചതടക്കമുള്ള പ്രസിഡന്റിന്റെ നിലപാടുക ള്‍ പല അംഗങ്ങളെയും ചൊടിപ്പിച്ചതായി പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.