പേജുകള്‍‌

2011, ജൂലൈ 19, ചൊവ്വാഴ്ച

പാവറട്ടി പഞ്ചായത്തില്‍ വേനല്‍ക്കാലത്തു ലോറിയില്‍ ശുദ്ധജലം വിതരണം ചെയ്തതില്‍ വന്‍ അഴിമതി

പാവറട്ടി: പഞ്ചായത്തില്‍ വേനല്‍ക്കാലത്തു ലോറിയില്‍ ശുദ്ധജലം വിതരണം ചെയ്തതില്‍ വന്‍ അഴിമതി നടന്നതായി പരാതി. സംഭവത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്നു യൂത്ത് ഫ്രണ്ട് (എം) സര്‍ഗവേദി സംസ്ഥാന കണ്‍വീനര്‍ കെ.ജെ. ജയിംസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു പാവറട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. 

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ അഴിമതി ആരോപണവുമായി ഭരണകക്ഷിയുടെ യുവജനവിഭാഗങ്ങള്‍ തന്നെ രംഗത്തെത്തിയതു നാട്ടുകാര്‍ക്കു കൌതുകമായി. അവശ്യ സന്ദര്‍ഭത്തില്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്യാന്‍ 50,000 രൂപയാണു ജില്ലാ കലക്ടര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ലോഡൊന്നിനു 1800 രൂപ വീതം 191 ലോഡ് വെള്ളം വിതരണം ചെയ്തെന്നും ഇതിനായി 3,43,800 രൂപ അനുവദിക്കണമെന്നുമാണു പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ കണക്കു പ്രകാരമുള്ള വെള്ളം പഞ്ചായത്തില്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്. 

ശുദ്ധജലക്ഷാമം കാര്യമായി അനുഭവപ്പെടാത്ത കിഴക്കന്‍ മേഖലയില്‍ ഒട്ടേറെ ലോഡ് വെള്ളം വിതരണം ചെയ്തതായി കണക്കിലുണ്ടെന്നും ഭരണസമിതി യോഗം വെള്ളം വിതരണം ചെയ്യാന്‍ നിശ്ചയിച്ച ആറ്, പതിനാല് വാര്‍ഡുകളില്‍ വെള്ളം വിതരണം ചെയ്തില്ലെന്നും പത്താം വാര്‍ഡില്‍ ബന്ധപ്പെട്ട മെംബര്‍ അറിയാതെയാണു വെള്ളം വിതരണം ചെയ്തതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. അവശ്യസമയത്തു കുടിവെള്ളത്തിനുപയോഗിക്കേണ്ട വെള്ളം വീട് വാര്‍പ്പിനും മറ്റും എത്തിച്ചു കൊടുത്തതായും പറയുന്നു. 

വെള്ളം വിതരണം ചെയ്തതു സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കിയതില്‍ വെള്ളം വിതരണം ചെയ്തതിന്റെ അളവിന്റെ കൃത്യത അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു വില്ലേജ് ഓഫിസര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്കു വെള്ളം വിതരണം ചെയ്തതിന്റെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കണമെന്നാണാവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.