പേജുകള്‍‌

2011, ജൂലൈ 20, ബുധനാഴ്‌ച

ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നം: നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി

ഗുരുവായൂര്‍:ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി നടപ്പാക്കുന്ന 50 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ കത്ത് ബന്ധപ്പെട്ട അതോറിറ്റി വിഭാഗത്തിന് ലഭിച്ചു.
ഇനി പൈപ്പ് ലൈന്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള നടപടികളായിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പുകള്‍ തിരഞ്ഞെടുത്തു. കൊല്‍ക്കത്തയില്‍നിന്ന് കൊണ്ടുവരുന്ന ഡി.ഐ. പൈപ്പുകളാണ് (ഡെക്റ്റയേണ്‍) ഉപയോഗിക്കുന്നത്. കൂടുതല്‍ ലോഡ് താങ്ങാനുള്ള ശേഷിയും ഈടുമുള്ളതാണ് ഡി.ഐ. പൈപ്പുകള്‍. 27 കിലോമീറ്റര്‍ ദൂരം പൈപ്പിടേണ്ടതുണ്ട്. നാല് മീറ്റര്‍ താഴ്ച വേണം . ഹൈദരാബാദ് ആസ്ഥാനമായുള്ള വാപ്‌കോ എന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റഗുലേറ്റര്‍ പണിത ഏജന്‍സിയാണിത്. പൈപ്പ് ലൈന്‍ പ്രവൃത്തിക്ക് മാത്രമായി 22 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി ശുദ്ധീകരണശാലയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിക്കായി വെള്ളമെടുക്കുന്ന ചാലക്കുടി-കരുവന്നൂര്‍ പുഴയില്‍ നിന്ന് രണ്ടരകിലോമീറ്റര്‍ അകലെ വെള്ളായണിയിലാണ് ശുദ്ധീകരണശാല നിര്‍മിച്ചിട്ടുള്ളത്. കിണര്‍ പ്ലന്റിലേക്കുള്ള പൈപ്പിടല്‍, പമ്പിങ് സ്റ്റേഷന്‍, ഭൂമിക്കടിയില്‍ ഭൂതലസംഭരണി തുടങ്ങിയവയാണ് അടിയന്തരമായി പണിയാനുള്ളത്. പമ്പിങ് സ്റ്റേഷന്‍ പണിയുന്നത് ഏങ്ങണ്ടിയൂരിലാണ്. ഈ പമ്പിങ് ഹൗസില്‍ നിന്ന് കുടിവെള്ളം ചാവക്കാട് ആസ്​പത്രി ജങ്ഷനിലും മണത്തലയിലുള്ള വലിയ വാട്ടര്‍ടാങ്കുകളില്‍ ശേഖരിക്കും. അവിടെനിന്നാണ് ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും വെള്ളമെടുക്കുക.

2007 ജൂലായ് മാസത്തില്‍ രൂപരേഖ തയ്യാറാക്കിയ യു.ഐ.ഡി.എസ്.എസ്.എം.ടി. എന്ന ഈ കേന്ദ്രാവിഷ്‌കൃത കുടിവെള്ള പദ്ധതി 2012 ഓടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൊത്തം 50.44 കോടി രൂപയാണ് ചെലവ്. തുകയുടെ 80 ശതമാനം കേന്ദ്രസര്‍ക്കാരും ബാക്കിതുക സംസ്ഥാന സര്‍ക്കാരും രണ്ട് നഗരസഭകളും വിഹിതമായി എടുക്കുന്നുണ്ട്. വിഹിതങ്ങളെല്ലാം സര്‍ക്കാരിലേക്ക് അടച്ചുകഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ നഗരസഭയുടെ വിഹിതത്തില്‍ ഒരു പങ്ക് ഗുരുവായൂര്‍ ദേവസ്വവും അടച്ചിട്ടുണ്ട്. ദേവസ്വത്തിന് പ്രതിദിനം 40 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാമെന്ന ധാരണയുടെ അടസ്ഥാനത്തിലാണിത്. ദേവസ്വത്തിന് നല്‍കേണ്ട കുടിവെള്ളം ശേഖരിക്കാന്‍ പൂന്താനം ഓഡിറ്റോറിയത്തിനടുത്ത് ടാങ്ക് പണിയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.