പേജുകള്‍‌

2011, ജൂലൈ 11, തിങ്കളാഴ്‌ച

ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ചാവക്കാട്: ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ജില്ലയില്‍ മാത്രംഅറുപതിലധികം കൃഷി അസിസ്റന്റുമാരുടെ ഒഴിവാണുള്ളത്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഓരോവര്‍ഷവും താല്‍കാലികമായി അസിസ്റന്റുമാരെ നിയോഗിക്കുന്നത് നിര്‍ത്തിവച്ചതാണ് ഇപ്പോഴത്തെ പ്രശ്നം. 

പി.എസ്.സി നിയമനനടപടിക്ക് സംവിധാനവുമില്ല. കാലവര്‍ഷക്കെടുതിമൂലം കൃഷിയിറക്കാനാവാതെ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സഹായം വൈകുകയും ചെയ്യുകയാണ്. ഇപ്പോള്‍ വളങ്ങള്‍, മറ്റു കൃഷി സാമഗ്രികള്‍, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കൃഷിഭവനുകള്‍ മുഖേന ലഭിക്കേണ്ട സമയമാണെന്നിരിക്കെ കൃഷി ഓഫിസര്‍മാരെ ജനകീയാസൂത്രണ പദ്ധതിയുടെ കോ-ഓഡിനേറ്റര്‍മാരായി നിയമിച്ചതുമൂലം അവര്‍ക്ക് കൃഷിവകുപ്പുമായി ബന്ധപ്പെട്ട ജോലി യഥാസമയം ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

തരിശുഭൂമി കൃഷി, പച്ചക്കറി വ്യാപന പദ്ധതി, നെല്‍കൃഷി വികസന പദ്ധതികള്‍, കേരശ്രീ പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിനു പുറമേയാണ് കാലവര്‍ഷം നിമിത്തം കൃഷിനാശം സംഭവിച്ചവര്‍ക്ക് ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ഉണ്ടാവേണ്ട നടപടികള്‍. എന്നാല്‍ ഉദ്യോഗസ്ഥന്മാരില്ലാത്തതിനാല്‍ ഒന്നും നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. നെല്‍കര്‍ഷകരാണ് ഇതില്‍ ഏറെ കുഴപ്പത്തിലായിരിക്കുകയാണ്. 

തരിശുഭൂമി കൃഷിയും നെല്‍കൃഷി വികസനപദ്ധതിയും മോണിറ്ററിങ് ഇല്ലാത്തതിനാല്‍ മിക്ക സ്ഥലങ്ങളിലും പാതിവഴിയിലാണ്. നേരത്തെ നിശ്ചയിച്ച നൂതന പദ്ധതികള്‍ ഇനിയും ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാനുണ്ട്. അതുപോലെ കാലവര്‍ഷക്കെടുതിയിലുണ്ടാവുന്ന കാര്‍ഷിക വിളകളുടെ നഷ്ടം ഉന്നത കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതും കൃഷിഭവന്‍ വഴിയാണ്. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ വിളനാശം ഉണ്ടായാല്‍ പരിശോധനയ്ക്കു പോകാന്‍ കൃഷി ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.