പേജുകള്‍‌

2011, ജൂലൈ 27, ബുധനാഴ്‌ച

നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണം


ഗുരുവായൂര്‍: നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നു നഗരസഭ കൌണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതി പണം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് ഉടന്‍ ലഭ്യമാക്കണമെന്നാണു കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. നഗരസഭയ്ക്കു ശുചീകരണത്തിന്റെ ഫീസിനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നല്‍കാനുള്ളതാണ് ഈ തുക.നഗരസഭയുടെ ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ ഖരമാലിന്യ പ്ളാന്റ് നിര്‍മാണം പണമില്ലാത്തതുമൂലം മുടങ്ങുന്ന അവസ്ഥയിലായതും ചര്‍ച്ചയ്ക്കിടയാക്കി. ചെയര്‍മാന്‍ ടി.ടി. ശിവദാസനാണു പ്രശ്നം വിശദീകരിച്ചത്. 

4.90 കോടി രൂപയുടെ പദ്ധതിക്കു ശുചിത്വ മിഷന്റെ അംഗീകാരം ലഭിക്കുകയും ഐആര്‍ടിസിയുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപയുടെ പ്രവൃത്തിയും ചെയ്തു. 60 ലക്ഷം രൂപയുടെ നിര്‍മാണം ഉടന്‍ നടത്തേണ്ടതുണ്ട്. കേന്ദ്രസഹായത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല. ഗുരുവായൂര്‍ ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ലഭിച്ചാല്‍ ഉടന്‍ പണി തുടരാനാകും.നഗരസഭ ഗ്രൌണ്ടിലെ ഹോര്‍ട്ടികോപ്പിന്റെ പഴം- പച്ചക്കറി സ്റ്റാളിന്റെ സ്ഥലം വ്യവസ്ഥകള്‍ക്കു വിധേയമായി തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു. നഗരസഭയുടെ പരസ്യനികുതി നാലു മാസമായിട്ടും പിരിക്കാത്തതു ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കാന്‍ കരാറുകാരനുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു കെ.പി. ഉദയന്‍ ആരോപിച്ചു. 

40,000 രൂപയ്ക്കു കരാറുകാരനു ടെന്‍ഡര്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെനേരം യോഗത്തില്‍ ബഹളമായി.ഇടക്കാല മാസ്റ്റര്‍ പ്ളാനില്‍  22-ാം വാര്‍ഡില്‍ റയില്‍വേ സോണ്‍ എന്നടയാളപ്പെടുത്തിയ സ്ഥലത്തു വീടുവയ്ക്കാന്‍ കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന പ്രശ്നം കൌണ്‍സിലര്‍ കെ.എ. ജേക്കബ് അവതരിപ്പിച്ചു. 25 വര്‍ഷം മുന്‍പ് ഇവിടെ റയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം പുതിയ സ്ഥലത്തു റയില്‍വേ സ്റ്റേഷന്‍ നിലവില്‍ വന്നിട്ടും റയില്‍വേ സോണ്‍ എന്ന പേരില്‍ ഇവിടെ കെട്ടിടനിര്‍മാണം തടസപ്പെടുകയാണ്. 

ഇക്കാര്യം സര്‍ക്കാരുകളുടെയും റയില്‍വേ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചു.ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കൌണ്‍സിലര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ കാഞ്ഞുള്ളി, ഒ.കെ.ആര്‍. മണികണ്ഠന്‍, ആര്‍.വി. മജീദ്, മേരി ലോറന്‍സ്, സി.വി. അച്യുതന്‍, വി.കെ. ശ്രീരാമന്‍, സി.കെ. സദാനന്ദന്‍, മഹിമ രാജേഷ്, ഹിമ ഗണേശന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.