പാവറട്ടി: കയ്യേറ്റങ്ങള്‍ മൂലവും മലിനീകരണം മൂലവും നാശോന്മുഖമായ ചെമ്പ്രംതോടിന്റെ സര്‍വേ ഉദ്ഘാടനം ആവേശമായി. കോരിച്ചൊരിയുന്ന മഴയിലും ഏറെ ആവേശത്തോടെയാണു ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും സര്‍വേ ഉദ്ഘാടന ചടങ്ങിനെത്തിയത്. ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ് സര്‍വേ ഉദ്ഘാടനം ചെയ്തു.
പാവറട്ടി, തൈക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ചക്കംകണ്ടത്തുനിന്നു തുടങ്ങി ഗുരുവായൂര്‍ നഗരസഭയിലെ ചൊവ്വല്ലൂര്‍പടി, കണ്ടാണശേരി പ്രദേശത്തെത്തുന്ന ഏഴു കിലോമീറ്റര്‍ നീളമുള്ള തോടിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്.
കൌണ്‍സിലര്‍മാരായ എ.എം. ഷെഫീര്‍, ബിജി ജോണ്‍സണ്‍, കോഴിത്തോട് സംരക്ഷണ സമിതി കണ്‍വീനര്‍ രവി പനയ്ക്കല്‍, ജനപ്രതിനിധികളായ പി.എ. മുഹമ്മദ് ഷെരീഫ്, എ.ടി. ആന്റോ, വി. വേണുഗോപാല്‍, വിമല സേതുമാധവന്‍, പി.എന്‍. ദേവകി, പൊതു പ്രവര്‍ത്തകരായ കെ. സുഗതന്‍, ഷണ്‍മുഖന്‍ വൈദ്യര്‍, വാസന്തി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് സര്‍വേയര്‍ അജിത ഫ്രാന്‍സിസ്, ചെയിന്‍മാന്‍ പി. ചന്ദ്രന്‍ എന്നിവരാണു സര്‍വേക്കു നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ചരക്കുകളും തപാല്‍ ഉരുപ്പടികളും ഉള്‍പ്രദേശങ്ങളിലേക്കു ജലമാര്‍ഗം കൊണ്ടുപോയിരുന്ന ചെമ്പ്രംതോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കോഴിത്തോട് സംരക്ഷണ സമിതി കണ്‍വീനര്‍ രവി പനയ്ക്കല്‍ മുഖ്യമന്ത്രിക്കു സുതാര്യ കേരളം വഴി പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ സര്‍വേക്ക് ഉത്തരവിട്ടത്. തോട് ഇരുവശവും ഭിത്തി കെട്ടി സംരക്ഷിച്ചു മികച്ച ജലസ്രോതസാക്കി മാറ്റുകയാണു ലക്ഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.