പാവറട്ടി: മണലൂര്‍ നിയോജകമണ്ഡലത്തിലെ കോള്‍മേഖലകളിലെ കര്‍ഷകരുടെ ക്ഷേമത്തിനായി കുട്ടനാടന്‍ പാക്കേജ് പോലുള്ള പാക്കേജ് നടപ്പാക്കുമെന്ന് പി.എ. മാധവന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. കൃഷിയിടവും അനുബന്ധപ്രദേശങ്ങളും ഏതെല്ലാം തരത്തില്‍ കര്‍ഷകാഭിവൃദ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്ത് അധിക ഉല്പാദനത്തിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും ആരായുമെന്ന് അദ്ദേഹം പറഞ്ഞു. കോള്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകരുമായും കൃഷി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും പി.എ. മാധവന്‍ എം.എല്‍.എ. പറഞ്ഞു.
മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പാവറട്ടി-ചാലിശ്ശേരി കുടിവെള്ള പദ്ധതിയെ പുനര്‍ജീവിപ്പിക്കും. കോലുമാട് ശുദ്ധജല തടാകം നിര്‍മിക്കുന്നതിന് ജില്ലാപഞ്ചായത്ത് പഠനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്, എം.എല്‍.എ., എം.പി. എന്നിവരുടെ കൂട്ടായ്മയില്‍ പദ്ധതി നടപ്പിലാക്കുന്നതോടെ മണലൂര്‍ മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നത്തിന് വലിയതോതില്‍ പരിഹാരം ലഭിക്കും. കണ്ണോത്ത്-നാട്ടുകല്ല് പദ്ധതിപോലെ മുടങ്ങിക്കിടക്കുന്ന ബൃഹത്പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കുടിവെള്ള പ്രശ്‌നപരിഹാരത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും എം.എല്‍.എ. പറഞ്ഞു.
കാഞ്ഞാണി-വാടാനപ്പള്ളി റോഡ് യാഥാര്‍ത്ഥ്യമാക്കും. ഗുരുവായൂര്‍-തൃപ്രയാര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ പില്‍ഗ്രിം ടൂറിസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തും. വെങ്കിടങ്ങിലെ പാര്‍ക്കിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. കായലോര ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി ടൂറിസം പദ്ധതികള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കും. പാവറട്ടി പോലീസ്‌സ്റ്റേഷന്റെ പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. വാടാനപ്പള്ളി പോലീസ്‌സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കും. വാടാനപ്പള്ളി ബീച്ചിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തുമെന്നും എംഎല്‍എ പി.എ. മാധവന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റുമാരായ വി. വേണുഗോപാല്‍, പി.കെ. രാജന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് പി. യതീന്ദ്രദാസ് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.