പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

വില്‍ക്കാന്‍ കൊണ്ടുവന്ന 948 പുലി നഖങ്ങള്‍ ഗുരുവായൂരില്‍നിന്നു പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

കെ എം അക്ബര്‍ 
തൃശൂര്‍ : വില്‍ക്കാന്‍ കൊണ്ടുവന്ന 948 പുലി നഖങ്ങള്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗം ഗുരുവായൂരില്‍നിന്നു പിടികൂടി. നഖങ്ങള്‍ക്ക് അര ക്കോടിയോളം വിലമതിക്കുമെന്നാണു വിവരം. തൃശൂര്‍ പാവറട്ടി പരവങ്ങാട് ജി. പുഷ്പന്‍, ബന്ധുവായ പി.കെ. അജിതന്‍, കൊല്ലം കുണ്ടറപ്ളാവിള ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു.


രാജ്യത്തികത്തുനിന്നും പുറത്തുനിന്നുമായി ശേഖരിച്ചതാണു നഖങ്ങള്‍ എന്നു കരുതുന്നു. 30 പുള്ളി പ്പുലികളെയെങ്കിലും ഇതിനായി കൊന്നിരിക്കാം. പല നഖങ്ങളിലും ഉണങ്ങാത്ത മാംസം പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ്. നഖങ്ങള്‍ സുഡാനില്‍ നിന്നു കൊണ്ടുവന്നതാണെന്നാണു പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ല. 

പുഷ്പനും ഹമീദുമാണു കച്ചവടക്കാര്‍. അജിതന്‍ വാഹന മോടിക്കാന്‍ കൂടെ വന്നതായിരുന്നു. ഇവര്‍ രണ്ടു പേരും നേരത്തെയും നഖം കടത്തിയിരുന്നതായി സംശയിക്കുന്നു. യഥാര്‍ഥ പുലി നഖം തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഫൈബറിലുണ്ടാക്കി തട്ടിപ്പിനു ശ്രമിച്ചതാണോ എന്നു സംശയിച്ചിരുന്നു. മാംസത്തിന്റെ പഴക്കം നോക്കുമ്പോള്‍ ഇതില്‍ കേരളത്തിലോ അയല്‍ സംസ്ഥാങ്ങളിലോ അടുത്ത കാലത്തു വേട്ടയാടിയതും ഉണ്ടാകാമെന്നാണു സൂചന. 

രഹസ്യ വിവരത്തെ ത്തുടര്‍ന്നായിരുന്നു അറസ്റ്റ്. നഖം വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് ഇവരെ പിടികൂടിയത്. എറണാകുളം വിജിലന്‍സ് ഡിഎഫ്ഒ എന്‍. രാജേഷ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഒ.എന്‍. സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എളംതുരുത്തി വിജിലന്‍സ് ഓഫിസിലെത്തിച്ച കടത്തുകാരെ വടക്കാഞ്ചേരി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.