കെ എം അക്ബര്‍
ചാവക്കാട്: പുന്നയൂര്‍ക്കുളത്തെ നീര്‍മാതള ഭൂമിയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ സ്മരണക്കായുള്ള സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ കേരള സാഹിത്യ അക്കാദമി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി യോഗത്തിലാണ് തീരുമാനം. ഇതിനായുള്ള ടെണ്ടര്‍ അടുത്ത് തന്നെ ക്ഷണിക്കും. പുന്നയൂര്‍ക്കുളം സ്വദേശിയും ഇന്‍ഡിഗോ ആര്‍കിടെക്റ്ററുമായ റിയാസ് മുഹമ്മദ് രൂപപ്പെടുത്തിയ മാതൃകയില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയം 1.20 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക. കൂടാതെ 2010 ലെ സംസ്ഥാന ബജറ്റില്‍ 20 ലക്ഷം രൂപ സമുച്ചയ നിര്‍മാണത്തിന് വകയിരുത്തിയിരുന്നു. കമലാ സുരയ്യ കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കിയ 17 സെന്റ് ഉള്‍പ്പെടെ 30 സെന്റ് സ്ഥലത്താണ് കോണ്‍ഫ്രന്‍സ് ഹാള്‍, സന്ദര്‍ശക മുറി, ലൈബ്രറി, കമലാ സുരയ്യയുടെ ജീവിത ചരിത്രങ്ങളും രചനകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന സമുച്ചയം പണിതീര്‍ക്കുക. ഏറെ സാങ്കേതിക തടസങ്ങള്‍ മറികടാണ് സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സാഹിത്യ അക്കാദി അധികൃതര്‍ കൈകൊണ്ടത്. കഴിഞ്ഞ ഭരണ സാരഥികളുടെ കാലത്ത് നീര്‍മാതള ഭൂമിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് വിവാദം സൃഷ്ടിക്കാനാണെന്ന് അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി പറഞ്ഞു. നീര്‍മാതളഭൂമി അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കുന്നതിനുള്ള സമ്മതപത്രം 2006 ലാണ് കമലാ സുരയ്യ അന്നത്തെ സാംസ്ക്കാരിക മന്ത്രി എ പി അനില്‍കുമാറിന് കൈമാറിയത്. സര്‍പ്പക്കാവും പ്രതിഷ്ഠയും ഉള്ളതിനാല്‍ ഭൂമി അക്കാദമി ഏറ്റെടുക്കുന്നതിനെതിരെ ആര്‍.എസ്.എസ് അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിവാദത്തിലായി. ഭരണസമിതിയുടെ തീരുമാനമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ അക്കാദമി പ്രസിഡന്റായിരുന്ന യൂസഫലി കേച്ചേരി വ്യക്തമാക്കിയതോടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെയാണ് ഭൂമികൈമാറ്റ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് 2009 മാര്‍ച്ച് 31 നാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.