പേജുകള്‍‌

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ചേറ്റുവ ടോള്‍ പിരിവ് തുടരുന്നു: പിരിച്ചെടുത്തത് കോടികള്‍

കെ എം അക്ബര്‍
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്നത് തുടരുന്നു. പിരിവിനെതിരെ ജനരോഷം ശക്തമായിട്ടും ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നാലു കോടി ഒരു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന് 2007 മാര്‍ച്ച് 31 വരെ ടോള്‍ ഇനത്തില്‍ അഞ്ചു കോടിയോളം രൂപ ലഭിച്ചിരുന്നു. അതേ സമയം ടോള്‍ പിരിവ് ടെന്‍ഡര്‍ എടുത്തവര്‍ക്ക് ഇതിന്റെ പത്തിരട്ടിയോളം തുക നേടാനും കഴിഞ്ഞിട്ടുണ്ട്. ടെന്‍ഡര്‍ നല്‍കിയ തുക ശബരിമല സീസണില്‍ തന്നെ കരാറുകാര്‍ക്ക് ലഭിക്കുമത്രേ. ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുത്തിട്ടും പാലത്തിന്റെ അറ്റകുറ്റപണി നടത്താനോ വഴി വിളക്കുകള്‍ കത്തിക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. 1986 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനാണ് ദേശീയപാത 17ല്‍ ഗുരുവായൂര്‍-നാട്ടിക നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഏറെ കാലം നീണ്ട മുറവിളികള്‍ക്കൊടുവിലായിരുന്നു പാലം യാഥാര്‍ഥ്യമായത്. ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിച്ച പൊന്നാനി പാലത്തിന്റെ ടോള്‍ പിരിവ് ജനകീയ സമരങ്ങളിലൂടെ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ഗുരുവായൂര്‍ എം.എല്‍.എ കെ വി അബ്ദുള്‍ഖാദര്‍ ഇടപ്പെട്ട് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദിനം പ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.