പേജുകള്‍‌

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

സംരക്ഷിക്കാനാളില്ല; നീര്‍മാതള ഭൂമിയിലെ 'മാതള വനിക'ക്ക് അകാല ചരമം

കെ.എം അക്ബര്‍
ചാവക്കാട്: മലയാള സാഹിത്യത്തിന്റെ പൂങ്കാവനത്തില്‍ പുന്നയൂര്‍ക്കുളത്തിന്റെ പൂമണം വിരിയിച്ച നീര്‍മാതള ഭൂമിയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയെ സ്മരിക്കാന്‍ ഒരുക്കിയ ‘മാതള വനിക’ പദ്ധതിക്ക് അകാല ചരമം. മലയാളകഥാ സാഹിത്യത്തില്‍ അനശ്വര സ്നേഹത്തിന്റെ നിലാവും നറുമണവും വീണുകിടക്കു പുയൂര്‍ക്കുളത്തെ നീര്‍മാതള ഭൂമിയില്‍ പദ്ധതിയുടെ ഭാഗമായി നട്ടു പിടിപ്പിച്ച തൈകളില്‍ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. തൈകള്‍ക്ക് സംരക്ഷണമായി ചുറ്റും കെട്ടിയുയര്‍ത്തിയിരുന്ന ഇരുമ്പുകൂടുകള്‍ മാത്രമാണ് മലയാള സാഹിത്യ രംഗത്ത് പ്രശസ്തമായ നീര്‍മാതള ഭൂമിയില്‍ ബാക്കിയുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യവനവല്‍ക്കരണ വകുപ്പാണ് ‘മാതള വനിക’ പദ്ധതിയുടെ ഭാഗമായി നീര്‍മാതള ഭൂമിയില്‍ സ്നേഹ വനമൊരുക്കിയത്. ഇതിന്റെ ഭാഗമായി ചെമ്പകം, നെല്ലി, പൂമരം, മാവ്, പ്ളാവ് തുടങ്ങി 11 ഇനം തൈകള്‍ നടുകയും ചെയ്തിരുന്നു. 2010 ജൂലൈ 25ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് ഏറെ കൊട്ടിഘോഷിച്ച പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രിയ കഥാകാരിയുടെ സ്മരണക്കായി നീര്‍മാതള ഭൂമിയില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മിക്കുന്നതിന്റെ മുന്നോടിയായാണ് ‘മാതള വനിക’ എന്ന പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. പദ്ധതിയുടെ ഭാഗമായി നീര്‍മാതള ഭൂമിയില്‍ നട്ട തൈകള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവാതിരുന്നതാണ് ഇവ കരിഞ്ഞുണങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നീര്‍മാതള ഭൂമിയില്‍ നട്ട തൈകള്‍ ആദ്യം പരിസരവാസികളില്‍ ചിലര്‍ വെള്ളമൊഴിച്ച് പരിചരിച്ചെങ്കിലും പിന്നീട് അതും നിലച്ചു. കെങ്കേമമായി നടത്തിയ ‘മാതള വനിക’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ സര്‍ക്കാര്‍ പ്രതിനിധികളും സാഹിത്യ അക്കാദമി ഭാരവാഹികളും പിന്നീട് നീര്‍മാതള ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മലയാളകഥാ സാഹിത്യത്തില്‍ സര്‍ഗചേതനയുടെ കമലദള ശോഭ വിരിയിച്ച കമലാ സുരയ്യയെ സ്മരിക്കാന്‍ പ്രിയ കഥാകാരിയുടെ രചനയിലൂടെ പ്രസിദ്ധിയാര്‍ജിച്ച നീര്‍മാതള ഭൂമിയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി ഇനി പച്ചപ്പിടിക്കില്ലെന്ന് ഉറപ്പാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.