പേജുകള്‍‌

Grama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Grama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു

 കെ എം അക്ബര്‍
ചാവക്കാട്: സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്പുറം തൊട്ടാപ്പില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ പി രാജേന്ദ്രനെ കൊണ്ട് നടത്താനാണ് റവന്യൂ അധികൃതര്‍ ശ്രമിക്കുന്നത്. 224 വീടുകളില്‍ 40 വീടുകളാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാക്കിയിട്ടുള്ളത്. 7.14 ഏക്കര്‍ ഭൂമിയില്‍ ഫെബ്രുവരി 11നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2010 ഏപ്രിലില്‍ വിഷുകൈനീട്ടമായി വീടുകളുടെ താക്കോല്‍ ദാനം നടത്തുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയി ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകളുടെ നിര്‍മാണം നടക്കുന്നത് ഇവിടെയാണ്. 224 വീടുകളില്‍ 40 വീടുകളുടെ മാത്രം പണി പൂര്‍ത്തിയായിരിക്കെ ബാക്കിയുള്ള 184 കുടുംബങ്ങള്‍ക്ക് എന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അധികൃതര്‍ ഇപ്പോഴും വ്യക്തമാക്കുന്നില്ല. അന്‍പതോളം വീടുകള്‍ക്ക് തറ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം അടുത്ത മാസം 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിയമസഭാ സമതിയുടെ ശുപാര്‍ശയാണ് വീടുകളുടെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഴുവന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

നീര്‍മാതള ഭൂമിയിലെ സാംസ്ക്കാരിക സമുച്ചയ നിര്‍മാണം: പൊതുമരാമത്തിനെ ഏല്‍പ്പിക്കും


കെ എം അക്ബര്‍
ചാവക്കാട്: പുന്നയൂര്‍ക്കുളത്തെ നീര്‍മാതള ഭൂമിയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ സ്മരണക്കായുള്ള സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ കേരള സാഹിത്യ അക്കാദമി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി യോഗത്തിലാണ് തീരുമാനം. ഇതിനായുള്ള ടെണ്ടര്‍ അടുത്ത് തന്നെ ക്ഷണിക്കും. പുന്നയൂര്‍ക്കുളം സ്വദേശിയും ഇന്‍ഡിഗോ ആര്‍കിടെക്റ്ററുമായ റിയാസ് മുഹമ്മദ് രൂപപ്പെടുത്തിയ മാതൃകയില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയം 1.20 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക. കൂടാതെ 2010 ലെ സംസ്ഥാന ബജറ്റില്‍ 20 ലക്ഷം രൂപ സമുച്ചയ നിര്‍മാണത്തിന് വകയിരുത്തിയിരുന്നു. കമലാ സുരയ്യ കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കിയ 17 സെന്റ് ഉള്‍പ്പെടെ 30 സെന്റ് സ്ഥലത്താണ് കോണ്‍ഫ്രന്‍സ് ഹാള്‍, സന്ദര്‍ശക മുറി, ലൈബ്രറി, കമലാ സുരയ്യയുടെ ജീവിത ചരിത്രങ്ങളും രചനകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന സമുച്ചയം പണിതീര്‍ക്കുക. ഏറെ സാങ്കേതിക തടസങ്ങള്‍ മറികടാണ് സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സാഹിത്യ അക്കാദി അധികൃതര്‍ കൈകൊണ്ടത്. കഴിഞ്ഞ ഭരണ സാരഥികളുടെ കാലത്ത് നീര്‍മാതള ഭൂമിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് വിവാദം സൃഷ്ടിക്കാനാണെന്ന് അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി പറഞ്ഞു. നീര്‍മാതളഭൂമി അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കുന്നതിനുള്ള സമ്മതപത്രം 2006 ലാണ് കമലാ സുരയ്യ അന്നത്തെ സാംസ്ക്കാരിക മന്ത്രി എ പി അനില്‍കുമാറിന് കൈമാറിയത്. സര്‍പ്പക്കാവും പ്രതിഷ്ഠയും ഉള്ളതിനാല്‍ ഭൂമി അക്കാദമി ഏറ്റെടുക്കുന്നതിനെതിരെ ആര്‍.എസ്.എസ് അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിവാദത്തിലായി. ഭരണസമിതിയുടെ തീരുമാനമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ അക്കാദമി പ്രസിഡന്റായിരുന്ന യൂസഫലി കേച്ചേരി വ്യക്തമാക്കിയതോടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെയാണ് ഭൂമികൈമാറ്റ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് 2009 മാര്‍ച്ച് 31 നാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.