പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ആനകളെ തൊട്ടറിഞ്ഞ് ഇസ്രയേലി സംഘം

കെ എം അക്ബര്‍
ഗുരുവായൂര്‍: ആനകളെ തൊട്ടറിഞ്ഞും കണ്ടറിഞ്ഞും ഇസ്രയേലി സംഘം പുന്നത്തൂര്‍ ആനത്താവളത്തില്‍. ഇസ്രയേലിലെ ടെല്‍അവീവില്‍ നിന്നെത്തിയ 23 അംഗ സംഘമാണ് 64 ആനകളെ ഒന്നിച്ചു കണ്ടതിന്റെ ആഹ്ളാദം പങ്കുവെച്ച് രണ്ടു മണിക്കൂറോളം പൂന്നത്തൂര്‍ ആനത്താവളത്തില്‍ ചെലവഴിച്ചത്. ജറുസലേം ഹീബ്രു യൂണിവേഴ്സിറ്റിയിലെ സംസ്കൃത പണ്ഡിത ഡാനമേഴ്സേലിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. സംഘത്തില്‍ ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും പ്രൊഫസര്‍മാരും, ശാസ്ത്രജ്ഞരും, പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. പാപ്പാന്‍മാര്‍ക്കൊപ്പം ആനകളെ തേച്ചു കഴുകാന്‍ സഹായിച്ചും ആനകളെ തൊട്ടു തലോടിയും, ആനക്കരികില്‍ നിന്ന് ഫോട്ടോയെടുത്തും സംഘം ആനക്കാഴ്ചകളില്‍ രസം കണ്ടു. ഈ മാസം അഞ്ചിന് ചെന്നൈയിലെത്തിയ സംഘം നാലു ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. ഗുരുവായൂരിലെത്തിയ സംഘം ഗുരുവായൂര്‍ ക്ഷേത്രം ചുറ്റി നടന്നു കണ്ടതിനു ശേഷമാണ് ആനത്താവളത്തിലെത്തിയത്. വലിയ ജനത്തിരക്കിനിടയില്‍ കഴിയാന്‍ ഇഷ്ടപ്പെടാത്ത സംഘം ആനയോട്ടം കാണാന്‍ നില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി. കേരളത്തിന്റെ ഗ്രാമഭംഗി ഏറെ ഇഷ്ടപ്പെട്ടുവെന്ന് സംഘം പറഞ്ഞു. ആനത്താവള സന്ദര്‍ശന ശേഷം സംഘം ഇന്നലെ കൂറ്റനാട് വൈദ്യമഠം പാരമ്പര്യ ചികിത്സാലയത്തിലേക്കാണ് പോയത്. അവിടെ പുല്ലാനിക്കാവ് ക്ഷേത്രോത്സവം കണ്ട് സംഘം മൂന്നാറിലേക്ക് തിരിക്കും. തേക്കടി, കുമരകം എന്നിവിടങ്ങളും സന്ദര്‍ശിച്ച് സംഘം ഈ മാസം 20ന് നാട്ടിലേക്ക് മടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.