പേജുകള്‍‌

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്ളാസ്റ്റിക് നിരോധനത്തിന് പുല്ലു വില; ഗുരുവായൂരില്‍ ക്യാരി ബാഗ് വില്‍പ്പന തകൃതി

പാന്‍മസാല വില്‍പ്പനയും വ്യാപകം
കെ എം അക്ബര്‍
ഗുരുവായൂര്‍: നഗരസഭ നടപ്പിലാക്കിയ പ്ളാസ്റ്റിക് നിരോധനം കാറ്റില്‍ പറത്തി ഗുരുവായൂരില്‍ പ്ളാസ്റ്റിക് ക്യാരി ബാഗ് വില്‍പ്പന തകൃതി. കഴിഞ്ഞ വര്‍ഷമാണ് ഏറെ കൊട്ടിഘോഷിച്ച് നഗരസഭ പരിധിയില്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പടിഞ്ഞാറെ നട, കിഴക്കെ നട, മമ്മിയൂര്‍ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ രഹസ്യമായി പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ വില്‍പ്പന വ്യാപകമായിരിക്കുകയാണ്. നിരോധനം നടപ്പിലാക്കിയ കാലയളവില്‍ ഇടക്കിടെ കടകളില്‍ രാത്രി സമയങ്ങളിലടക്കം ആരോഗ്യ നിരീക്ഷണസംഘം റോന്തു ചുറ്റിയിരുന്നു. എന്നാല്‍ ഈയിടെയായി പരിശോധനയുടെ കാര്യത്തില്‍ വീഴ്ച വന്നതോടെ നഗരത്തിലെ ചില കടകളില്‍ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നഗരത്തില്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധന യജ്ഞം നടപ്പിലാക്കുന്നതിന് ചുക്കാന്‍ പിടിച്ച നഗരസഭ സെക്രട്ടറി എന്‍ വിജയകുമാര്‍ സ്ഥലം മാറിപ്പോയതോടെയായിരുന്നു ഇത്. ഇപ്പോള്‍ വിശാല നഗരസഭയുടെ പൂക്കോട്, തൈക്കാട് മേഖലകളിലേക്ക് കൂടി പ്ളാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനായി അതതു പ്രദേശങ്ങളില്‍ പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കിയിരിക്കെയാണ് നഗര മധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരസഭ ഓഫീസിനടുത്തെ കടകളില്‍ നിന്നായി രണ്ടു കിലോയോളം ക്യാരി ബാഗുകളും മൂവായിരത്തോളം പാന്‍മസാല പാക്കറ്റുകളും പിടികൂടിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.