പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

നാടകമേ ഉലകം

നാടകമേ ഉലകം
കെ.എം അക്ബര്‍
ടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്. ഈ അനൌണ്‍ണ്‍സ്മെന്റ് കേട്ട് കഴിഞ്ഞാല്‍ 76 വയസുള്ള ഭാര്‍ഗവന്റെ മനസില്‍ പിടപിടപ്പാണ്. പുതിയ നാടകം സദസ് എങ്ങിനെ സ്വീകരിക്കുമെന്ന വെമ്പല്‍. ആയിരത്തിലധികം നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടും പള്ളിക്കര പാറന്‍കുട്ടിയുടെയും അരീക്കര നാണിയമ്മയുടെയും മകനായ ഭാര്‍ഗവനെന്ന ഭാര്‍ഗവന്‍ പള്ളിക്കരക്ക് കടിഞ്ഞൂല്‍ നാടകത്തിന്റെ ടെന്‍ഷനാണ്. നാടകം തന്റെ ഉലകമാക്കിയ വ്യക്തിയാണ്് ഭാര്‍ഗവന്‍. പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇരിങ്ങപ്പുറം എ.എല്‍.പി സ്കൂളിലവതരിപ്പിച്ച കാനം ഇ.ജെയുടെ 'രാവും പകലും' എന്ന നാടകത്തില്‍ രാജന്‍ എന്ന കഥാപാത്രമായി പാടിയഭിനയിച്ചായിരുന്നു കൊച്ചു ഭാര്‍ഗവന്റെ നാടക വേദിയിലെ അരങ്ങേറ്റം. അരങ്ങേറ്റ നാടകത്തിന് ലഭിച്ച അഭിനന്ദന പ്രവാഹം ഭാര്‍ഗവന്‍ തന്നിലെ കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞു. നാടകങ്ങള്‍ സ്വയം എഴുതി അഭിനയിക്കാന്‍ തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. നാടക വേദികളില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. 

ഭാര്‍ഗവന്റെ 'നാടകം' 

        മുപ്പത്തി അഞ്ച് വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1975ല്‍. ഭാര്‍ഗവന്‍ സംവിധാനം ചെയ്ത 'ധൂമകേതു' വെന്ന നാടകം പുന്നയൂര്‍ക്കുളത്ത് അരങ്ങുകാണുന്നു. വേദിയിലണിനിരക്കുന്നത് ചില്ലറക്കാരല്ല. വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങുന്ന പ്രതാപചന്ദ്രനും ടി ജി രവിയുമൊക്കേയാണ്. കോഴിക്കോട് ശാന്താദേവി, കുട്ട്യേട്ടത്തി വിലാസിനി എന്നിവരുമുണ്ട്. നാടകം തുടങ്ങാറായി. ഹീറോ ആയി അഭിനയിക്കുന്ന ടി ജി രവിയെ കാണുന്നില്ല. വീട്ടിലേക്ക് വിളിച്ചു. രവി എവിടെ പോയെന്നന്ന് അവര്‍ക്കുമറിയില്ല. അസ്വസ്ഥനായ സംവിധായകനെ പ്രതാപചന്ദ്രന്‍ വിളിച്ചു. ഭാര്‍ഗവാ..... ടെന്‍ഷനടിക്കേണ്ട. ഒരു വഴിയുണ്ട്. ആകാംശയോടെ ഭാര്‍ഗവന്‍ ചോദിച്ചു. എന്തുവഴി ? നമ്മള്‍ നാടകം കളിക്കും. ഹീറോ ഇല്ലാതെ... ഭാര്‍ഗവന്‍ ഞെട്ടി. നടുങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഭാര്‍ഗവാ.... പേടിക്കേണ്ടടോ... താന്‍ വിചാരിച്ചാല്‍ നടത്താവുന്നതേയുള്ളൂ. അങ്ങിനെ കഥയില്‍ ചില്ലറ വ്യതിയാനങ്ങള്‍ വരുത്തി ഭാര്‍ഗവനും ടീമും 'നാടകം' കളിച്ചു.  ഒരു കോമഡി കഥാപാത്രമായി ഭാര്‍ഗവന്‍ വേദിയിലെത്തി നാടകം തീര്‍ത്തു. ബെല്‍ മുഴങ്ങുമ്പോഴും സംവിധായകന് ഭയം മാറിയിരുന്നില്ല. കാണികള്‍ കയ്യേറ്റം ചെയ്യുമോ എന്ന ഭയം. പക്ഷേ ആരും ഒന്നുമറിഞ്ഞില്ല. നാടകം ഗംഭീരമായെന്ന പല്ലവിയുമായി കാണികള്‍ സ്ഥലം വിട്ടു. വര്‍ഷം മുപ്പത്തിഅഞ്ച് കഴിഞ്ഞു. ഭാര്‍ഗവന്‍ പള്ളിക്കരയെന്ന നാടകകൃത്തിന് ഞെട്ടല്‍ മാറിയിട്ടില്ല. കാരണം, ഹീറോയെ ഒഴിവാക്കിയാണ് നാടകം അവതരിപ്പിച്ചതെന്ന് കാണികള്‍ക്ക് സംശയം തോന്നിയില്ലെന്നത് തന്നെ.

നാടകം ജീവിത ഗന്ധി
        ഇന്ന് നായികയോ നായകനോ ഇല്ലെങ്കിലും ശരി ഭാര്‍ഗവന്‍ നാടകം നടത്തിയിരിക്കും. വീരവാദമാണെന്ന് പറഞ്ഞ് ആരും ഭാര്‍ഗവന്റെ ഈ ചങ്കുറപ്പിനെ എഴുതി തള്ളേണ്ട. ആ അനുഭവം അത്രയധികം ധൈര്യം ഭാര്‍ഗവന് നല്‍കി.  നാടകം അതു തെളിയിക്കുകയും ചെയ്യും. തെളിവെന്തെന്നല്ലേ? കഴിഞ്ഞ അഞ്ചരപതിറ്റാണ്ടിനിടെ ആയിരത്തോളം നാടകങ്ങളാണ് ഈ നാടക പ്രേമി സംഘടിപ്പിച്ചത്. അതും നിശ്ചയിച്ച തിയതികളില്‍ ഒന്നു പോലും പിഴക്കാതെ. ഏതു രീതിയിലാണ് ഭാര്‍ഗവന്‍ പ്രശസ്തനെന്ന് ചോദിച്ചാല്‍ ആരുമൊന്ന് കുഴയും. കാരണം ഭാര്‍ഗവന്‍ അറിയപ്പെടുന്ന നാടകകൃത്താണ്, നാടക നടനാണ്, നാടക സംവിധായകനാണ്, നാടക സംഘാടകനാണ്, അതിനേക്കാളുപരി നാടകക്കാര്‍ക്കിടയില്‍ വിപുലമായ സൌഹൃദ ബന്ധമുള്ളയാളാണ്.  നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാര്‍ഗവനിന്നും പ്രിയം നാടകത്തോടു തന്നെ. "നാടകം ജീവിത ഗന്ധിയാണ്, ഓരോ നാടകവും നല്‍കുന്നത് ഓരോ സന്ദേശമാണ്. നാടകത്തിനൊടുവില്‍ അളവില്ലാത്ത സംതൃപ്തി ലഭിക്കുന്നതും ഇതു കൊണ്ട് തന്നെ'' ഭാര്‍ഗവവന്‍ തന്റെ നാടക പ്രേമത്തിനുള്ള കാരണം വ്യക്തമാക്കുന്നു.

മറക്കാനാവാത്ത വേദി 
         ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനടുത്തെ ക്ഷേത്രോല്‍സവ വേദിയില്‍ 'ധൂമകേതു' നാടകം അരങ്ങില്‍ നടക്കുന്നു. പോലിസ് ഇന്‍സ്പെക്ടറായി വേഷമിടുന്ന നടന്‍ സമയത്തെത്തിയില്ല. പകരം കര്‍ട്ടന്‍ വലിക്കുന്നയാള്‍ പോലിസുകാരനായി വേഷമിട്ടു. ഇന്‍സ്പെക്ടറെ മദ്യപിക്കാനായി വീടിനകത്തേക്ക് വിളിക്കുന്ന മുതലാളിയുടെ വേഷമായിരുന്നു ഭാര്‍ഗവന്. സ്റ്റേജ് സംവിധാനത്തെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്ന 'പോലീസു'കാരന്‍ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വീടിന് അകത്തേക്ക് പോകുന്നതിന്് പകരം പുറത്തേക്ക് പോയി. ഇതോടെ കാണികള്‍ കൂവലും തുടങ്ങി. ഒടുവില്‍ ഭാര്‍ഗവന്റെ മനോധൈര്യം തന്നെ തുണയായി. "പിണങ്ങി പുറത്തു പോവാതെ സാറേ... അകത്തേക്കുവാ... ഒന്നു കൂടിയേച്ചു പോകാം''. ഇതു പറഞ്ഞ് പോലിസുകാരന്റെ കൈ പിടിച്ച് ഭാര്‍ഗവന്‍ അകത്തേക്ക് പോയി. സ്തംബ്ധരായ കാണികള്‍ കൂവല്‍ നിര്‍ത്തി. ഇതുപോലെ നാടകം കുഴപ്പം കൂടാതെ അവസാനിപ്പിക്കാന്‍ ഭാര്‍ഗവന്‍ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. അതുപോലെ സംഘടിപ്പിക്കാനും. പുതിയ നാടകം പ്ളാന്‍ ചെയ്യുമ്പോഴേക്കും ട്രൂപ്പുകാര്‍ അദേഹത്തെ വിളിച്ചു പറയും. അതു തന്നെ കാരണം. എന്‍ എന്‍ പിള്ളയും കെ ടി മുഹമ്മദുമുള്‍പ്പെടുന്ന നാടക ലോകത്തെ മഹാരഥന്‍മാര്‍ പോലും നാടകം സംവിധാനം ചെയ്യും മുന്‍പ് തന്നെ വിളിച്ചറിയിക്കുമായിരുന്നുവെന്ന് തലയുയര്‍ത്തി ഭാര്‍ഗവന്‍ പറയുന്നു.

തപാല്‍ വകുപ്പിലെ നാടകക്കാരന്‍ 
        തപാല്‍ വകുപ്പില്‍ പബ്ളിക് റിലേഷന്‍സ്് ഇന്‍സ്പെക്ടറായിരുന്നു ഭാര്‍ഗവന്‍. ജോലിക്കിടെയിലും ഭാര്‍ഗവനെ നാടക ജ്വരം വിട്ടൊഴിഞ്ഞിരുന്നില്ല. അതിനു തെളിവായി 'സ്റ്റേജ് ലാന്റ് വന്നേരി' എന്ന പേരില്‍ നാടക ക്ളബ് രൂപവല്‍ക്കരിച്ചു. അന്നായിരുന്നു സ്വയം ചിട്ടപ്പെടുത്തിയ 'ധൂമകേതു' അരങ്ങു കാണുന്നത്. നാടകചലചിത്ര രംഗത്തെ പ്രമുഖര്‍ അഭിനയിച്ച ആ നാടകം 200 ഓളം വേദികളില്‍ അവതരിപ്പിച്ചു. പിന്നെ 'ഭാരത് കലാലയം' സ്ഥാപിച്ചു.  നാടകപ്രേമത്തിനിടയിലും മികച്ച തപാല്‍ ജീവനക്കാരനുള്ള പുരസ്ക്കാരം ഭാര്‍ഗവനെ തേടിയെത്തി. കലാ ജീവിതത്തിന്റെ തിരക്കുകളില്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയില്ലെന്നതിന്റെ സക്ഷ്യ പത്രമായിരുന്നു ഈ പുരസ്ക്കാരം. ഇപ്പോള്‍ ഗുരുവായൂര്‍ കേന്ദ്രമായുള്ള 'കള്‍ച്ചറല്‍ സെന്റര്‍ ചാവക്കാട്' (സി.സി.സി) എന്ന സ്ഥിരം നാടക വേദിയുടെ അമരക്കാരനാണ് ഭാര്‍ഗവന്‍. 1960 ലായിരുന്നു സി.സി.സി സ്ഥാപിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച സി.സി.സിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മഹാരാജാ ദര്‍ബാര്‍ ഹാളില്‍ നിറഞ്ഞ സദസിസിനു മുന്നില്‍ നാടകം അരങ്ങേറും. 50 വര്‍ഷത്തിനകം 698 നാടകങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതും ഒരു മാസം പോലും വീഴ്ച വരുത്താതെ. കാണികളുടെ ആവശ്യപ്രകാരം ചിലമാസങ്ങളില്‍ ഇവിടെ ഒന്നില്‍ കൂടുതല്‍ നാടകങ്ങളും അരങ്ങേറി. നാടകങ്ങള്‍ക്ക് നാമമാത്ര നികുതി മതിയെന്ന സൌകര്യം അനുഭവിക്കുന്നതിന് പിന്നില്‍ ഭാര്‍ഗവന്റെ വിയര്‍പ്പുണ്ട്. ഒരിക്കല്‍ നാടക സംഘങ്ങളുടെ നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഘട്ടത്തില്‍ അതിനെതിരെ നാടക മേഖലയില്‍ പ്രശസ്തരായ ഒ മാധവന്‍, പി ജെ ആന്റണി എന്നിവരുമായി ചേര്‍ന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നികുതിയിളവ് സംജാതമായത്.  നിത്യഹരിത നായകനായ പ്രേംനസീറിനൊപ്പവും അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്കൊപ്പവും സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഭാര്‍ഗവന്‍ കലാകാരന്‍മാരുടെ സംഘടനയായ 'നന്‍മ'യുടെ സംസ്ഥാന പ്രസിഡന്റാണ്. പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ളോയിസ് അസോസിയേഷന്‍ (പി.ടി.സി.എ) അഖിലേന്ത്യാ പ്രസിഡന്റുമാണ്. "വെല്ലുവിളികള്‍ നിറഞ്ഞതാണ് ഓരോ അരങ്ങും. അഭിനയിക്കുന്നത് മാത്രമല്ല, നാടകം തുടങ്ങുന്നത് തന്നെ ഒരു വലിയ വെല്ലുവിളി കഴിഞ്ഞാണ്''നാടകങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഭാര്‍ഗവന്‍ മാസ്റ്ററുടെ മറുപടിയാണിത്. ഇതിനിടെ നിരവധി പുരസ്ക്കാരങ്ങളും ഭാര്‍ഗവനെന്ന നാടക കലാകാരനെ തേടിയെത്തി. കേരള ഫിലിം ഓഡിയന്‍സ് കൌണ്‍സിലിന്റെ പ്രഥമ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പുരസ്ക്കാരം, ചിത്രാംഭരി പുരസ്ക്കാരം, എന്‍ എന്‍ പിള്ള സ്മാരക അവാര്‍ഡ് എന്നിവയാണ് അവയില്‍ ചിലത്. എങ്കിലും പ്രേക്ഷകര്‍ നല്‍കിയ സ്നേഹമാണ് തന്റെ ഏറ്റവും വലിയ അംഗീകാരമെന്നാണ് ഭാര്‍ഗവന്റെ പക്ഷം.

'കഥ' കഴിയാത്ത നാടകങ്ങള്‍
        പണ്ടൊക്കെ ഉല്‍സവ സീസണ്‍ നാടകക്കാര്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ദിവസേന രണ്ടും മൂന്നും നാടകങ്ങള്‍ കളിക്കും. ഇന്ന് അതൊക്കെ മാറി. ഗാനമേളകളും മിമിക്സ് പരേഡുകളും ഉല്‍സവ പറമ്പുകള്‍ കയ്യടക്കി. ടെലിവിഷന്‍ സീരിയലുകളുടെ അതിപ്രസരം നാടകാവതരണങ്ങള്‍ക്ക് ഇടിച്ചില്‍ വരുത്തിയെന്ന അഭിപ്രായവും ഭാര്‍ഗവനുണ്ട്. അതേസമയം നാടകത്തിന് പ്രധാനവെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത് ആര്‍ട്ടിസ്റ്റുകളുടെ ക്ഷാമമാണ്. ഇന്ന് നാടകങ്ങളിലഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാനില്ല. പലരും മെഗാസീരിയലുകളിലേക്കും മറ്റു ടെലിവിഷന്‍ പരിപാടികളിലേക്കും ചേക്കേറി. നാടകത്തിലഭിനയിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രതിഫലത്തിന് ഉറക്കമൊഴിച്ച് ഊരുചുറ്റണം. സീരിയലുകളിലാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളില്ല, നാാടകത്തേക്കാളേറെ പണവും പ്രശസ്തിയും ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് നാടകങ്ങളുടെ 'കഥ' കഴിഞ്ഞിട്ടില്ലെന്നാണ് ഭാര്‍ഗവന്‍ പറയുന്നത്. അതിനു തെളിവാണ് സി.സി.സി അവതരിപ്പിക്കുന്ന നാടകങ്ങള്‍. തിങ്ങി നിറഞ്ഞ വേദിക്കു മുന്നിലാണ് സി.സി.സിയുടെ ഓരോ നാടകവും അരങ്ങേറുന്നത്. ഫൈന്‍ ആര്‍ട്സ് സൊസൈറ്റികള്‍ വഴിയും കേരത്തിലങ്ങോളമിങ്ങോളം നല്ല നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും ഭാര്‍ഗവന്‍ പറയുന്നു. അങ്ങിനെ നാടക വേദികളുടെ എണ്ണം കുറയുമ്പോഴും നാടകത്തെ ഹൃദയത്തോട് ചേര്‍ത്ത് ഉലകം ചുറ്റുന്ന ഭാര്‍ഗവന്‍ പള്ളിക്കരയെ മാറ്റി നിര്‍ത്തിയുള്ള കേരളനാടക ചരിത്രം അപൂര്‍വ്വമാകും.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.