പേജുകള്‍‌

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

ഗുരുവായൂര്‍ ആനയോട്ടം: കൊമ്പന്‍ ഗോകുല്‍ ഒന്നാമത്

കെ എം അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന പ്രസിദ്ധമായ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോകുല്‍ ഒന്നാമതെത്തി. മല്‍സരത്തിനിടെ ആനകള്‍ തിരിഞ്ഞോടിയത് കാഴ്ചക്കാരില്‍ പരിഭ്രാന്തി പടര്‍ത്തി. നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടന്ന വാശിയേറിയ മല്‍സരത്തില്‍ കൊമ്പന്‍ ശ്രീകൃഷ്ണനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗോകുല്‍ ആദ്യമെത്തിയത്. ക്ഷേത്രത്തിനകത്ത് ഏഴു തവണ ഓട്ടം പൂര്‍ത്തിയാക്കുന്നതിന് പകരം ഗോകുലും ശ്രീകൃഷ്ണനും ക്ഷേത്രത്തിനകത്തു നിന്ന് പുറത്തേക്കോടുകയായിരുന്നു. ക്ഷേത്രത്തിനകത്ത് ആദ്യ തവണ ഓട്ട പ്രദക്ഷിണം നടത്തുന്നതിനിടെ ഗോകുലിനെ തൊട്ടു പുറകിലുണ്ടായിരുന്ന ശ്രീകൃഷ്ണന്‍ ഇടിച്ചതാണ് ആനകള്‍ പിന്തിരിഞ്ഞോടുന്നതിന് കാരണമായത്. ശ്രീകൃഷ്ണന്റെ ഇടിയേറ്റ ഗോകുല്‍ രണ്ടാമത് ഓട്ട പ്രദക്ഷിണം നടത്താതെ കിഴക്കേ ഗോപുരം വഴി പുറത്തേക്കോടി. പുറകില്‍ ശ്രീകഷ്ണയും ഓട്ടം പിടിച്ചു. ഇതിനിടെ ആനയോട്ടം കാണാനെത്തിയ കാരക്കാട് സ്വദേശി ജയറാമിനെ ശ്രീകൃഷ്ണന്‍ കൊമ്പു കൊണ്ട് കുത്തി വീഴ്ത്തി. ഇതു കണ്ട പരിഭ്രാന്തനായി ഓടുന്നതിനിടെ കുന്നംകുളം സി.ഐ ഹരിദാസിനും വീണു പരിക്കേറ്റു. കിഴക്കെ നട പന്തലിലൂടെ ഓടിയ ഗോകുലിനെ വേഗം വരുതിയിലാക്കാന്‍ കഴിഞ്ഞെങ്കിലും ശ്രീകൃഷ്ണയെ തളക്കാന്‍ കഴിഞ്ഞില്ല. ഓട്ടത്തിനിടെ കല്ല്യാണ മണ്ഡപത്തിനടുത്തുള്ള ബാരിക്കേഡ് അടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് കകാഴ്ചക്കാര്‍ ചിതറിയോടി. ഓട്ടത്തിനിടെ പലര്‍ക്കും വീണു പരക്കേറ്റു. പിന്നീട് സത്രം വളപ്പിലേക്ക് കയറി ശ്രീകൃഷ്ണന്‍ വീണ്ടും തിരിഞ്ഞോടാന്‍ ശ്രമിച്ചു. ഇതിനിടെ പാപ്പാന്‍മാരും പോലിസും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് കൊമ്പനെ വടം ഉപയോഗിച്ച് തളക്കുകയായിരുന്നു.

ഗുരുവായൂര്‍ ആനയോട്ടം: ഒഴിവായത് വന്‍ ദുരന്തം
ഗുരുവായൂര്‍: ക്ഷേത്രോല്‍സവത്തിന് തുടക്കം കുറിച്ച് നടന്ന പ്രസിദ്ധമായ ആനയോട്ടത്തിനിടെ ആനകള്‍ വിരണ്േടാടിയപ്പോള്‍ ഭാഗ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം. ആനത്താവളത്തിലെ 64 ആനകളില്‍ 36 എണ്ണവും ഓട്ട മല്‍സരത്തിനുണ്ടായിരുന്നു.
നറുക്കെടുപ്പിലൂടെ മുന്‍ നിരയില്‍ ഓടാനായി കേശവന്‍കുട്ടി, അച്യുതന്‍, ഉമാദേവി, ഗോകുല്‍, ശ്രീകൃഷ്ണന്‍, ഗോപികൃഷ്ണന്‍, കൃഷ്ണ എന്നീ കൊമ്പന്‍മാരെയാണ് തിരഞ്ഞെടുത്തത്. ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെ പാപ്പാന്‍മാര്‍ ക്ഷേത്രത്തിനകത്ത് നിന്നും കുടമണികളുമായി മഞ്ജുളാല്‍ പരിസരത്തോക്ക് ഓടി. പിന്നീട് ആനകള്‍ക്ക് കുടമണി ചാര്‍ത്തി. മാരാര്‍ ശംഖ് നാദം മുഴക്കിയതോടെയാണ് ആനയോട്ടം തുടങ്ങിയത്. ആരംഭത്തില്‍ തന്നെ ഗോകുല്‍ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഓടിയതോടെ തൊട്ടു പുറകില്‍ കൊമ്പന്‍ ശ്രീകൃഷ്ണന്‍ കനത്ത വെല്ലുവിളിയുയര്‍ത്തി. കിഴക്കേ ഗോപുരം വഴി അകത്തേക്ക് കയറാനുള്ള ശ്രമത്തിനിടെ ശ്രീകൃഷ്ണന്‍ ഗോകുലിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും ഗോകുല്‍ വിട്ടുകൊടുത്തില്ല. ഇതോടെ ഗോകുലിന് വാശിയേറി. ക്ഷേത്രത്തിനകത്ത് കയറി ഓട്ട പ്രദക്ഷിണം നടത്തുന്നതിനിടെ ഗോകുലിനെ തൊട്ടു പുറകിലുണ്ടായിരുന്ന ശ്രീകൃഷ്ണന്‍ ഇടിച്ചു. ഇതോടെ ഓട്ട പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ ഗോകുല്‍ ക്ഷേത്രിനു പുറത്തേക്ക് പാഞ്ഞു. ഇതോടെ പുറത്തുണ്ടായിരുന്ന കാഴ്ചക്കാര്‍ ആന പാഞ്ഞു വരുന്നത് കണ്ട് പരക്കം പാഞ്ഞു. ജനത്തെ നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന കയര്‍ ഉടന്‍ തന്നെ പോലിസ് അഴിച്ചു മാറ്റിയത് സഹായകമായി.
ഇതേ സമയം ക്ഷേത്രത്തിനകത്ത് കൊമ്പന്‍ ശ്രീകൃഷ്ണന്‍ പരാക്രമം കാട്ടുകയായിരുന്നു. ഗുരുവായൂര്‍ കാരക്കാട് അലാക്കല്‍ ജയറാമിനെ മസ്തകം കൊണ്ട് ഇടിച്ചു വീഴ്ത്തിയ കൊമ്പന്‍ നിലത്തിട്ട് കുത്തി.
ബഹളത്തിനിടെ കുന്നംകുളം സി.ഐ ഹരിദാസിന് വീണ് പരിക്കേറ്റു. പിന്നീട് പുറത്തേക്കോടി കൊമ്പന്‍ കിഴക്കെ നട പന്തലിനിരുവശവും തിങ്ങി നിറഞ്ഞ കാണികള്‍ക്കിടയിലൂടെ പാഞ്ഞു.  ഇതേ സമയം ആനയെ നിയന്ത്രിക്കാന്‍ പാപ്പാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ആനയുടെ ഓട്ടം കണ്ട് ചിതറിയോടുന്നതിനിടെ ഗുരുവായൂര്‍ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസുകാരന്‍ വിനോദ് (29), ചിറ്റൂര്‍ സ്വദേശി പ്രഭാകരന്‍ (78), പഴയന്നൂര്‍ സ്വദേശിനി കനകം (82), ഗുരുവായൂര്‍ പുത്തമ്പല്ലി സ്വദേശികളായ അശോകന്‍ (48), പടിക്കത്ത് കേശവന്‍ (80) എന്നിവര്‍ക്ക് പരിക്കേറ്റു. പ്രഭാകരന്റെ വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. സാരമായി പരിക്കേറ്റ ജയറാമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.