പേജുകള്‍‌

2010, നവംബർ 1, തിങ്കളാഴ്‌ച

മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള വികിരണ പരിശോധന കര്‍ശനമാക്കുന്നു

മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള വികിരണ (റേഡിയേഷന്‍) പരിശോധന, കേന്ദ്ര ടെലികോം വകുപ്പ് കര്‍ശനമാക്കുന്നു. ടവറുകളില്‍ നിന്നുള്ള വൈദ്യുത-കാന്തിക വികിരണം അനുവദനീയമായ നിരക്കിനുള്ളിലാണെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. നിലവിലുള്ള നമ്പര്‍ മാറാതെ തന്നെ സേവന ദാതാവിനെ മാറ്റാന്‍ ഉപഭോക്താവിന് സൗകര്യം ലഭിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി.) സംവിധാനം നവംബര്‍ 25 മുതല്‍ ലഭ്യമാക്കാനും തീരുമാനമായി.

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യരില്‍ അര്‍ബുദം, വന്ധ്യത, മസ്തിഷ്‌ക-നാഡീ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഒരു വിഭാഗം പരിസ്ഥിതി-ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന പരിശോധന. ടവറുകളില്‍ നിന്നുള്ള വികിരണ ആധിക്യം പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നുണ്ടെന്നും ആരോപണമുണ്ട്.

നവംബര്‍ 16 മുതല്‍ രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ റേഡിയേഷന്‍ തോതിന്റെ പരിശോധന തുടങ്ങും. അനുവദനീയമായ തോതിലുമധികം വികിരണം കണ്ടെത്തുന്ന ടവറുകളുടെ ഉടമസ്ഥതയുള്ള സേവന ദാതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ടെലികോം വകുപ്പ് അറിയിച്ചു. സേവനദാതാവില്‍ നിന്ന് അഞ്ചുലക്ഷം രൂപ വരെ പിഴയീടാക്കാനും ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഭേദഗതി ചെയ്ത ടെലികോം ലൈസന്‍സ് നിയമ മനുസരിച്ച് കഴിയും. നവംബര്‍ 15നുള്ളില്‍ റേഡിയേഷന്‍ തോത് അനുവദനീയമായ പരിധിക്കുള്ളിലാക്കണമെന്ന് ടെലികോം വകുപ്പ് സേവനദാതാക്കള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നാലു ലക്ഷത്തോളം മൊബൈല്‍ ടവറുകളാണുള്ളത്.

കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള ടെലികോം എന്‍ജിനീയറിങ് ആന്‍ഡ് റിസോഴ്‌സസ് മോണിട്ടറിങ് (ടേം) സെല്ലിനാണ് പരിശോധനയുടെ ചുമതല. ആണവേതര വസ്തുക്കളില്‍നിന്നുള്ള വികിരണം നിരീക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ചുമതയുള്ള ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയണൈസിങ് റേഡിയേഷന്‍ പ്രൊട്ടക്ഷന്റെ (ഐ.സി.എന്‍.ഐ.ആര്‍.പി.) നിബന്ധനകള്‍ സേവനദാതാക്കള്‍ പാലിക്കുന്നുവെന്നാണ് പരിശോധനയിലൂടെ ഉറപ്പാക്കുക. മൊബൈല്‍ ടവര്‍, ഹാന്‍ഡ്‌സെറ്റ് എന്നിവയ്ക്കു പുറമെ മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍, മൈക്രോവേവ് ഓവന്‍ പോലെയുള്ള വൈദ്യുത കാന്തിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വികരണത്തിന്റെ മാനദണ്ഡം തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നുവെന്ന് നിരീക്ഷിക്കുന്നതും ഈ സംഘടന തന്നെയാണ്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും ഒടുവില്‍ നിലവില്‍ വരുമെന്ന് ഉറപ്പായി. നവംബര്‍ 25 മുതല്‍ ഈ സേവനം തുടങ്ങും. ഹരിയാണ ടെലികോം സര്‍ക്കിളിലാണ് ആദ്യം ഇത് നിലവില്‍ വരിക. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പര്‍ മാറാതെതന്നെ ഉപഭോക്താവിന് താത്പര്യമുള്ള ഏത് സേവനദാതാവിന്റെയും കണക്ഷനിലേക്ക് മാറാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. രാജ്യത്തെ മൊബൈല്‍ ഫോണ്‍ ബിസിനസ് മാതൃകയെത്തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു. 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചശേഷം ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാവുന്ന രീതിയില്‍ ലളിതമായ സംവിധാനമാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 20നുള്ളില്‍ രാജ്യത്താകമാനം ഈ സേവനം സ്ഥാപിക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2009 ഡിസംബര്‍ 31ന് രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2010 ഏപ്രില്‍ ഒന്നിന് രാജ്യത്താകമാനവും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കണമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നെറ്റ്‌വര്‍ക്കുകളില്‍ സാങ്കേതികമാറ്റം വരുത്താന്‍ സേവനദാതാക്കള്‍ വൈകിയതും നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള കരാര്‍ നേടിയ അമേരിക്കന്‍ കമ്പനിയായ ടെല്‍കോര്‍ഡിയയ്‌ക്കെതിരെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നടപടിയെടുത്തതുമാണ് നീണ്ടുപോകാന്‍ കാരണമായത്.

നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനായി ടെല്‍കോര്‍ഡിയയ്ക്ക് 74 ശതമാനം ഓഹരിയുടമസ്ഥതയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷനും സിനിവേഴ്‌സ് ടെക്‌നോളജീസിനുമാണ് ടെലികോം വകുപ്പ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ടെല്‍കോര്‍ഡിയയ്ക്ക് ഓഹരിയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോമുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. സിനിവേഴ്‌സ് ടെക്‌നോളജീസിനാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനുള്ള ചുമതല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.