പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

വലിയകേശവന് ഗജരാജ ചക്രവര്‍ത്തിപ്പട്ടം

ഗുരുവായൂര്‍: ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍ വലിയകേശവന് ഗജരാജ ചക്രവര്‍ത്തിപ്പട്ടം സമ്മാനിച്ചു. രോഹിണി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പണ്ഡിതര്‍ക്ക് നാകേരി കേശവന്‍ നമ്പൂതിരിസ്മാരക പുരസ്‌കാരവും നല്‍കി.
കിഴക്കേനട ദീപസ്തംഭത്തിന് മുന്നില്‍ വലിയ കേശവനെ ഗുരുവായൂരപ്പന്റെ പ്രസാദമണിയിച്ചു. ഹാരാര്‍പ്പണം നടത്തി പീതാംബരപ്പട്ട് ആനയ്ക്ക് ചാര്‍ത്തി. പട്ടുകുടകളും പരിഷവാദ്യവും നാദസ്വരവും അകമ്പടിയായി. തെക്കേനടയിലെ ഗജരാജന്‍ കേശവ പ്രതിമയില്‍ വലിയ കേശവന്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അനുമോദനവേദിയില്‍ എത്തിയത്. വലിയകേശവനെ ഗുരുവായൂരപ്പന് നടയിരുത്തിയ നാകേരി വാസുദേവന്‍ നമ്പൂതിരി നിറപറകളോടെ ആനയെ വരവേറ്റു.
പൊതുസമ്മേളനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷനായി. വലിയ കേശവനുള്ള ഗജരാജചക്രവര്‍ത്തി പുരസ്‌കാരം ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നാകേരി വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് ഏറ്റുവാങ്ങി.
തന്ത്രിമുഖ്യന്‍ പടിഞ്ഞാറേടത്ത് കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട്, ഋഗ്വേദപണ്ഡിതന്‍ ഭട്ടിപ്പുത്തില്ലത്ത് രവി അക്കിത്തിരിപ്പാട്, യജൂര്‍വേദ പണ്ഡിതന്‍ ഇളമന നാരായണന്‍ നമ്പൂതിരി, സാമവേദപണ്ഡിതന്‍ പാഞ്ഞാള്‍ തോട്ടം വലിയനാരായണന്‍ നമ്പൂതിരി, ഗജചികിത്സാ വിദഗ്ദ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, കഥകളി കലാകാരന്‍മാരായ സദനം കൃഷ്ണന്‍കുട്ടി, കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നാകേരി കേശവന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു.
മുന്‍ എംഎല്‍എ വി. ബലറാം, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കൗണ്‍സിലര്‍ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, പ്രൊഫ. മാധവന്‍കുട്ടി, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം എ.വി. ചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, കീഴിയേടം രാമന്‍ നമ്പൂതിരി, പ്രൊഫ. ബാബു നമ്പൂതിരി, മുനിസിപ്പല്‍ സെക്രട്ടറി വിജയകുമാര്‍, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട്, പി. ശശികുമാര്‍, എ. വേണുഗോപാല്‍, സി.എം. മണികണ്ഠ വാരിയര്‍, രാജേഷ് പല്ലാട്, വേങ്ങേരി രാമന്‍നമ്പൂതിരി, നാകേരി നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് കുചേലവൃത്തം, തോരണയുദ്ധം കഥകളിയും അരങ്ങേറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.