പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തിരിതെളിച്ചു.

ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ചെമ്പൈ സ്മാരക പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞന്‍ കെ.ജി. ജയന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നല്‍കി. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗം ഗോകുലം ഗോപാലന്‍ പൊന്നാട അണിയിച്ചു. കെ.ജി. ജയന്റെ മകനും നടനുമായ മനോജ് കെ. ജയന്‍, ദേവസ്വം കമ്മീഷണര്‍ ഡോ. വി. വേണു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. ചന്ദ്രന്‍, പ്രൊഫ. ടി.ആര്‍. ഹാരി, അഡ്വ. കെ.വി. ബാബു, വി. കൃഷ്ണദാസന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ണൂര്‍ രാജകുമാരനുണ്ണി, പാല സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, എന്‍. ഹരി, വൈക്കം വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കെ.ജി. ജയന്‍േറതായിരുന്നു സംഗീതോത്സവത്തിലെ ആദ്യകച്ചേരി.

ബുധനാഴ്ച രാവിലെ ക്ഷേത്രം ശ്രീലകത്തുനിന്ന് അഗ്‌നി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് ക്ഷേത്രം തന്ത്രി പകരുന്നതോടെയാണ് തുടര്‍ച്ചയായുള്ള സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമാകുക. ആദ്യം മണ്ണൂര്‍ രാജകുമാരനുണ്ണിയും പാലാ സി.കെ. രാമചന്ദ്രനും 'വാതാപി' പാടിയായിരിക്കും അരങ്ങുണര്‍ത്തുക. ചെമ്പൈ ഭാഗവതരുടെ അനുഗ്രഹംകൊണ്ടുകൂടിയാണ് തനിക്ക് സിനിമയില്‍ എത്താന്‍ കഴിഞ്ഞതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

ചെമ്പൈ ഭാഗവതര്‍ തന്റെ വീട്ടിലേക്ക് വന്നതും കുഞ്ഞായിരിക്കുമ്പോള്‍ ചെന്നൈയില്‍വെച്ച് ആ മഹാരഥനില്‍നിന്ന് വിഷുവിന് കൈനീട്ടം വാങ്ങിയതും മനോജ് ഓര്‍മിച്ചു.
ജീവിതകാലം മുഴുവന്‍ സംഗീതത്തിനായി സമര്‍പ്പിച്ച കെ.ജി. ജയന്റെ മകനായിത്തന്നെ അടുത്ത ജന്മത്തിലും ജീവിക്കാന്‍ കഴിയണമെന്നു പറഞ്ഞ് വിതുമ്പിക്കൊണ്ടായിരുന്നു മനോജ് പ്രസംഗം അവസാനിപ്പിച്ചത്.


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.