പേജുകള്‍‌

2010, നവംബർ 11, വ്യാഴാഴ്‌ച

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

ഗുരുവായൂര്‍: ഗുരുവായൂര്‍-ചാവക്കാട് മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി മുന്നോട്ടുവെച്ചിട്ടുള്ള 50 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണം ഡിസംബര്‍ മാസത്തില്‍ തുടങ്ങും. ഗുരുവായൂരില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ ഉന്നതതല ഉദ്യോഗസ്ഥയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ചാലക്കുടി കരുവന്നൂര്‍ പുഴയില്‍നിന്ന് കുടിവെള്ളമെടുക്കുന്ന പദ്ധതിയാണിത്. കരുവന്നൂര്‍ പുഴയ്ക്കു സമീപം വെള്ളാനിയില്‍ 1.69 കോടി രൂപ ചെലവിട്ട് പ്ലാന്റിന്റെ നിര്‍മാണം കഴിഞ്ഞ മാര്‍ച്ചില്‍ കഴിഞ്ഞിരുന്നു. കരുവന്നൂര്‍ പുഴയില്‍ കിണറും പമ്പിങ് മെയിനുമാണ്. രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു കോടി 30 ലക്ഷം രൂപയുടെ പ്രോജക്ടിന് കഴിഞ്ഞ ദിവസം ടെണ്ടര്‍ അംഗീകരിച്ചു. പുഴയില്‍നിന്ന് വെള്ളം സംഭരിച്ചുവെക്കാനുള്ള കിണറും അവിടെനിന്ന് വെള്ളാനിയിലെ പ്ലാന്റിലേക്ക് വെള്ളം എത്തിക്കാനുള്ള പമ്പിങ് മെയിനുമാണിത്.

പദ്ധതിയുടെ ഭാഗമായുള്ള പമ്പ് ഹൗസ് ഏങ്ങണ്ടിയൂരിലാണ്. അവിടേക്ക് വെള്ളാനി പ്ലാന്റില്‍നിന്ന് ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തിയുടെ ണ്ടെര്‍ നടപടികള്‍ ആയിവരുന്നതേയുള്ളു. 22 കിലോമീറ്ററോളം ദൂരം ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാന്‍ 20 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിന്റെ പ്രവൃത്തിയും അധികം താമസിയാതെ തുടങ്ങാനാകും. ഏങ്ങണ്ടിയൂരിലെ പമ്പ്ഹൗസില്‍നിന്ന് ഗുരുവായൂരിലേക്കുള്ള ലൈന്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ ജനവരിയിലുണ്ടാകും.

പദ്ധതിയുടെ നിര്‍മാണം വേഗത്തിലാക്കാനും മേല്‍നോട്ടം വഹിക്കുന്നതിനുമായി രണ്ടു കമ്മിറ്റികളാണ് ഉള്ളത്. ടെക്‌നിക്കല്‍ അഡ്‌വൈസിങ് ഗ്രൂപ്പ് (ടാഗ്), എംപവര്‍ കമ്മിറ്റി എന്നിവയാണത്. 'ടാഗ്' കമ്മിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക പരിജ്ഞാനമുള്ള ഉന്നത ഉദ്യോഗസ്ഥരാണുള്ളത്. മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ചീഫ് സെക്രട്ടറി, ഫിനാന്‍ഷ്യല്‍ സെക്രട്ടറി എന്നിവരാണ് എംപവര്‍ കമ്മിറ്റിയില്‍ ഉള്ളത്. എംപവര്‍ കമ്മിറ്റിയുടെ യോഗം നവംബര്‍ 16ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ പദ്ധതിയുടെ തുടര്‍നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച ചര്‍ച്ച നടക്കും.

2012-ഓടെ സമഗ്ര കുടിവെള്ളപദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണിത്. മൊത്തം തുകയുടെ 80 ശതമാനം കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. 10 ശതമാനം സംസ്ഥാന സര്‍ക്കാരും 10 ശതമാനം ഗുരുവായൂര്‍-ചാവക്കാട് നഗരസഭയും വീതിച്ചെടുക്കും. ഗുരുവായൂര്‍ നഗരസഭയുടെ അഞ്ച് ശതമാനം വിഹിതത്തില്‍ ഒരു പങ്ക് ഗുരുവായൂര്‍ ദേവസ്വവും എടുത്തിട്ടുണ്ട്.

ഗുരുവായൂരില്‍ ചേര്‍ന്ന യോഗത്തില്‍ ടെക്‌നിക്കല്‍ അഡ്‌വൈസിങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി.സി. തോമസ് പണിക്കര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യു ഫിലിപ്പ് എന്നിവര്‍ പ്രോജക്ടുകള്‍ വിശദീകരിച്ചു. ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി, ഗുരുവായൂര്‍-ചാവക്കാട് നഗരസഭ, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.