പേജുകള്‍‌

2010, നവംബർ 6, ശനിയാഴ്‌ച

അമാവാസി മഹോത്സവം ഭക്തിനിര്‍ഭരമായി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി മഹോത്സവം ഭക്തിനിര്‍ഭരമായി. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരി, മേല്‍ശാന്തി ഷാജി ശര്‍മ, മനോജ്, ഷിബു ശര്‍മ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് രാവിലെ അവിയൂര്‍ ചക്കനാത്ത് കളരിയില്‍നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തി. ഉത്സവാഘോഷക്കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് രാവിലെ 10ന് ക്ഷേത്രാങ്കണത്തിലെത്തി. ഗജവീന്മാര്‍, കാവടി എന്നിവ അണിനിരന്നു. ഉച്ചയ്ക്ക് രണ്ടിന് പഞ്ചവടി സെന്ററില്‍നിന്ന് വിവിധ വാദ്യമേളങ്ങള്‍, പൂക്കാവടികള്‍, നാടന്‍ കലാരൂപങ്ങള്‍, ഗജവീരന്മാര്‍ എന്നിവയോടു കൂടിയ എഴുന്നള്ളിപ്പ് നാലു മണിയോടെ ക്ഷേത്രാങ്കണത്തില്‍ എത്തിയതോടെ വടക്കും തെക്കും ഉത്സവാഘോഷക്കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തിലേക്ക് വരവായി. വൈകീട്ട് 5ന് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. കൂട്ടിയെഴുന്നള്ളിപ്പില്‍ ഗജവീരന്മാര്‍ അണിനിരന്നു. ഗജരാജന്‍ മംഗലാംകുന്ന് കര്‍ണന്‍ ഭഗവത് തിടമ്പേറ്റി. വര്‍ണക്കാവടികള്‍, നാടന്‍ കലാരൂപങ്ങള്‍, വിവിധതരം വാദ്യമേളങ്ങള്‍ എന്നിവ ഉത്സവത്തിന് മിഴിവേകി. രാത്രി നാടകവും അരങ്ങേറി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ പഞ്ചവടി ക്ഷേത്ര കടപ്പുറത്ത് പിതൃതര്‍പ്പണം നടത്തും. രാവിലെ 10 വരെ തുടരും. ഉത്സവാഘോഷങ്ങള്‍ക്ക് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, എ.സി. കുഞ്ഞിമോന്‍, ടി.എ. അര്‍ജുനന്‍, ബാബു പാലപ്പെട്ടി, എ.വി. പുഷ്‌കരന്‍, യു.കെ. ബാബു, ടി.വി. രാജന്‍, എ.സി. രാമചന്ദ്രന്‍, പി. വാസു, കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.