പേജുകള്‍‌

2010, നവംബർ 12, വെള്ളിയാഴ്‌ച

ചാവക്കാട് കടല്‍തീരത്ത് അപ്രതീക്ഷിത കടലേറ്റം; ലക്ഷങ്ങളുടെ നാശം

രണ്ട് വള്ളങ്ങള്‍ തകര്‍ന്നു; പത്തോളം വീടുകളില്‍ വെള്ളം കയറി
കെ എം അക്ബര്‍
ചാവക്കാട്: അപ്രതീക്ഷിതമായുണ്ടായ കടലേറ്റം തീരദേശ മേഖലയില്‍ വ്യാപകനാശം വിതച്ചു. രണ്ട് മല്‍സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. കരയില്‍ കയറ്റിവെച്ച രണ്ട് വള്ളം കടലിലേക്ക് ഒഴുകി പോയി. പത്തോളം വീടുകളില്‍ വെള്ളം കയറി. എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, ബ്ളാങ്ങാട്, മുനക്കകടവ് തീരങ്ങളിലാണ് അപ്രതീക്ഷിത കടലേറ്റം നാശം വിതച്ചത്. എടക്കഴിയൂര്‍ കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന തിരുവത്ര ആനത്തലമുക്ക് കുന്നത്ത്വീട്ടില്‍ ഷാഹുവിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വള്ളവും ചെറുവഞ്ചിയുമാണ് തകര്‍ന്നത്.
വള്ളങ്ങള്‍ ശക്തമായ കാറ്റില്‍ കൂട്ടിയിടിച്ച് തകരുകയായിരുന്നു. കടലിലേക്ക് ഒലിച്ചു പോയ ഈ വള്ളങ്ങള്‍ അരകിലോ മീറ്റര്‍ അകലെ കാജാ കമ്പനി കടല്‍ തീരത്ത് അടിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങള്‍ കടലില്‍ നഷ്ടപ്പെട്ടു. ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റി വെച്ചിരുന്ന എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ സുഹൈര്‍ വള്ളമാണ് കടലിലേക്ക് ഒഴുകിപോയി കാണാതായത്. പൊന്നാനി വരെ തിരച്ചില്‍ നടത്തിയെങ്കിലും വള്ളം കണ്ടെത്താനായില്ല. ബ്ളാങ്ങാട് കടല്‍ തീരത്തു നിന്നും ഒഴുകിപ്പോയ അമീറലിയുടെ വള്ളം മണിക്കൂറുകള്‍ക്ക് ശേഷം പുത്തന്‍കടപ്പുറത്ത് കണ്ടെത്തി. ഇതിലുണ്ടായിരുന്ന മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. കടപ്പുറം മുനക്കകടവില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. അഴിമുഖം ചൂളകടവില്‍ രാജന്‍, പൊറ്റയില്‍ സുരേഷ്, പടുമാട്ടുമ്മല്‍ രാധ, പുളിക്കല്‍ അബു, മന്ദലാംകുന്ന് കുഞ്ഞി, കുറുപ്പശേരി ലാലസന്‍, പൊറ്റയില്‍ തങ്ക തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.