പേജുകള്‍‌

2010, നവംബർ 3, ബുധനാഴ്‌ച

ഓസ്‌ട്രേലിയക്കെതിരായി ശ്രീലങ്കയ്ക്ക് അവിശ്വസനീയ വിജയം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അവിശ്വസനീയ വിജയം. പരാജയം സുനിശ്ചിതമായിരുന്ന മത്സരത്തില്‍ ആഞ്ജലോ മാത്യൂസും ലസിത് മലിംഗയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മനോഹരമായ വിജയങ്ങളിലൊന്ന് അവര്‍ക്ക് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റില്‍ 137 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് മെല്‍ബണ്‍ മൈതാനത്ത് പിറന്നത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 240 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 25.2 ഓവറില്‍ 107 റണ്‍സിലെത്തിയപ്പോള്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. മാത്യൂസ് ക്രീസിലുണ്ടായിരുന്നെങ്കിലും മലിംഗയില്‍ നിന്നോ അവസാന ബാറ്റ്‌സ്മാനായ മുരളീധരനില്‍ നിന്നോ ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ സിക്‌സറുകളും ബൗണ്ടറികളുമായി മാത്യൂസ്(77 നോട്ടൗട്ട്)-മലിംഗ(56) കൂട്ടുകെട്ട് അരങ്ങുവാഴുന്ന കാഴ്ചയാണ് പിന്നീട് തിങ്ങിനിറഞ്ഞ സ്റ്റേഡിയം കണ്ടത്. 84 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് മാത്യൂസ് പുറത്താകാതെ 77 റണ്‍സ് നേടിയത്.

കൂട്ടത്തില്‍ ആക്രമണ ഷോട്ടുകള്‍ കൂടുതല്‍ പായിച്ച മലിംഗ 48 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. മലിംഗയുടെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമുണ്ടായിരുന്നു. ഒടുവില്‍ സ്‌കോറുകള്‍(239) തുല്യനിലയിലായപ്പോള്‍ ഇല്ലാത്ത റണ്ണിന് ഓടി മലിംഗ റണ്ണൗട്ടായി. അതോടെ കളി എങ്ങോട്ടും തിരിയാവുന്ന സ്ഥിതിയായി.

44 ാം ഓവറില്‍ രണ്ട് പന്തുകള്‍ ശേഷിക്കെയാണ് മലിംഗ പുറത്തായത്. ഓവറിലെ രണ്ട് പന്തുകള്‍ നേരിട്ടെങ്കിലും മാത്യൂസിന് റണ്‍ നേടാനായില്ല. അതോടെ എല്ലാ കണ്ണുകളും മുരളിയിലേക്ക്. വാട്‌സണ്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ വിദഗ്ധമായി ഫൈന്‍ ലെഗിലൂടെ ബൗണ്ടറി പായിച്ച് മുരളി അവിസ്മരണീയ വിജയം പൂര്‍ത്തിയാക്കി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ദൊഹേര്‍ട്ടിയാണ് ശ്രീലങ്കയുടെ മുന്‍നിര തകര്‍ത്തത്. 10 ഓവറില്‍ 46 റണ്‍സിന് ദോഹര്‍ട്ടി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മൈക്ക് ഹസിയുടെയും(71 നോട്ടൗട്ട്) വാട്‌സണിന്റെയും(49) മികവിലാണ് 239 ലെത്തിയത്. ലങ്കയ്ക്ക് വേണ്ടി പെരേര അഞ്ച് വിക്കറ്റ് വീഴ്ത്തി.

മാത്യൂസിനും മലിംഗയ്ക്കും പുറമേ നായകന്‍ സംഗകാര(49) മികച്ച പ്രകടനം കാഴ്ചവെച്ചു. ആഞ്ജലോ മാത്യൂസാണ് മാന്‍ ഓഫ് ദി മാച്ച്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.