പേജുകള്‍‌

2010, നവംബർ 12, വെള്ളിയാഴ്‌ച

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ അഞ്ചു വിമാനങ്ങള്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെടുന്നതുമൂലമുള്ള പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ അഞ്ചു വിമാനങ്ങള്‍ കേരളത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി.യാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന് 25 വിമാനങ്ങളാണ് ഇപ്പോഴുള്ളത്. ഇവയില്‍ ഇരുപതും കേരളത്തില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. ബാക്കി അഞ്ചെണ്ണം ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളില്‍നിന്നും. എയര്‍ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ആസ്ഥാനം വൈകാതെ മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റും-മന്ത്രി പറഞ്ഞു.

ഗള്‍ഫിലേക്കും മറ്റുമുള്ള വിമാനങ്ങള്‍ ഇന്ത്യ തുടര്‍ച്ചയായി റദ്ദാക്കുന്നതുമൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ തീര്‍ക്കാന്‍ അഞ്ച് വിമാനങ്ങള്‍കൂടി കേരളത്തിലേക്ക് മാറ്റുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്കി. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലെ യു.ഡി.എഫ്. എം.പി.മാരും സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ കേരളത്തിലെ എയര്‍ ഇന്ത്യയുടെ സര്‍വീസ് സാധാരണ നിലയിലാകാന്‍ ഫിബ്രവരി വരെ കാത്തിരിക്കേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അരവിന്ദ് ജാദവ് യോഗത്തില്‍ വ്യക്തമാക്കി. വിദേശ കമ്പനികളില്‍ നിന്നും മറ്റും പാട്ടത്തിനെടുത്ത വിമാനങ്ങളുപയോഗിച്ചാണ് എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. പലതിന്റെയും കാലാവധി കഴിഞ്ഞു. പുതിയ പാട്ടക്കരാര്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. അത് പൂര്‍ത്തിയായാല്‍ എയര്‍ ഇന്ത്യ സര്‍വീസ് സാധാരണ നിലയിലാകും-ജാദവ് വിശദീകരിച്ചു.

ഗള്‍ഫ് യാത്രക്കാരോടുള്ള എയര്‍ ഇന്ത്യാ ജീവനക്കാരുടെ മോശം പെരുമാറ്റം സംഘം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച കേരളത്തിലെ എം.പി.മാരുമായും മന്ത്രിമാരുമായും വീണ്ടും ചര്‍ച്ച നടത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നേരത്തേ പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് എം.പി.മാരെ മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 300ലേറെ എയര്‍ ഇന്ത്യ സര്‍വീസുകളാണ് കേരളത്തില്‍ റദ്ദാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.