പേജുകള്‍‌

2010, നവംബർ 9, ചൊവ്വാഴ്ച

ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനായി ടി.ടി. ശിവദാസന്‍ വൈസ്‌ചെയര്‍പേഴ്‌സണായി ഗീതാഗോപി

ഗുരുവായൂര്‍ : നഗരസഭയില്‍ സി.പി.എമ്മിലെ ടി.ടി. ശിവദാസന്‍ ചെയര്‍മാനായും സി.പി.ഐയിലെ ഗീതാഗോപി വൈസ്‌ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

 തിങ്കളാഴ്ച രാവിലെ 10ന് കൗണ്‍സില്‍ ഹാളിലാണ് ഡെപ്യൂട്ടി കളക്ടര്‍ കെ.എന്‍. രവീന്ദ്രന്‍ വരണാധികാരിയായി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് ആര്‍.വി. ഷെരീഫ് നിര്‍ദേശിക്കുകയും കെ.എ. ജേക്കബ് പിന്താങ്ങുകയും ചെയ്തു. ശിവദാസന് 24 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥിയായ പത്മിനി ഗംഗാധരന് 16 വോട്ടും ലഭിച്ചു. രണ്ടുവോട്ടുകള്‍ അസാധുവായി. സി.പി.ഐ.യിലെ എ.എം. ഷെഫീറിന്റെയും സി.എം.പി.യിലെ ആര്‍.വി. അബ്ദുള്‍മജീദിന്റെയും വോട്ടുകളാണ് അസാധുവായത്. ബി.ജെ.പി. അംഗം തേലമ്പറ്റ വാസുദേവന്‍നമ്പൂതിരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നഗരസഭയുടെ കാവീട് നോര്‍ത്ത് 43-ാം വാര്‍ഡില്‍നിന്നാണ് ടി.ടി. ശിവദാസന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍, സി.ഐ.ടി.യു. ജില്ലാക്കമ്മിറ്റിയംഗം, ഏരിയാ ജോയിന്റ് സെക്രട്ടറി, ചാവക്കാട് ചെത്തുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) സെക്രട്ടറി, സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന പരിചയമുള്ള നേതാവാണ് ടി.ടി. ശിവദാസന്‍.

 ഉച്ചതിരിഞ്ഞായിരുന്നു വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്. ഗീതാഗോപിക്ക് 25 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മുട്ടത്ത് റോസിക്ക് 17 വോട്ടും ലഭിച്ചു. ബി.ജെ.പി. അംഗം ഇവിടെയും വിട്ടുനിന്നു.

 നഗരസഭയുടെ 25-ാം വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗീതാഗോപി തുടര്‍ച്ചയായി 15 വര്‍ഷം നഗരസഭാ പ്രതിനിധിയാകുന്ന ഏക അംഗമാണ്. രണ്ടുതവണ നഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗീതാ ഗോപി സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റംഗമാണ്.



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.