പേജുകള്‍‌

2010, നവംബർ 4, വ്യാഴാഴ്‌ച

ചെമ്പൈ സംഗീതമണ്ഡപത്തിന്റെ അരങ്ങുണര്‍ന്നു

ഗുരുവായൂര്‍: സംഗീതാര്‍ച്ചനകള്‍കൊണ്ട് ചെമ്പൈ സംഗീതമണ്ഡപത്തിന്റെ അരങ്ങുണര്‍ന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തുനിന്ന് പകര്‍ന്ന അഗ്‌നി സംഗീതവേദിയിലെ നിവളിക്കിലേക്ക് കൊളുത്തിയതോടെയായിരുന്നു തുടക്കം.

തുടര്‍ന്ന് ഗുരുവായൂര്‍ മുരളി നാദസ്വരം വായിച്ചു. ചെമ്പൈഭാഗവതരുടെ പ്രധാന ശിഷ്യന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയും ശൊമ്മാങ്കുടിശിഷ്യന്‍ പാലാ സി.കെ. രാമചന്ദ്രനും ചേര്‍ന്നവതരിപ്പിച്ച ''വാതാപി ഗണപതിം ഭജേ..'' എന്ന കീര്‍ത്തനം സംഗീതാസ്വാദകര്‍ കരഘോഷത്തോടെ സ്വീകരിച്ചു.

നെടുമങ്ങാട് ശിവാനന്ദനും തിരുവിഴ ശിവാനന്ദനും വയലിനും തിരുവനന്തപുരം വി. സുരേന്ദ്രനും വൈക്കം വേണുഗോപാലനും മൃദംഗവും വായിച്ച് കച്ചേരിക്ക് പക്കമേളമൊരുക്കി.

രാത്രി സ്‌പെഷല്‍ കച്ചേരിയില്‍ രാജേഷ് വൈദ്യയുടെ ഫ്യൂഷന്‍ ഹൃദ്യമായി. പ്രകാശ് ഉള്ള്യേരി (കീബോര്‍ഡ്), വിവേകാനന്ദന്‍ (വയലിന്‍), പാലക്കാട് കെ.എസ്. മഹേഷ് (മൃദംഗം), പെരുക്കാവ് പി.എല്‍. സുധീര്‍ (ഘടം), കോട്ടയം മുരളി (മുഖര്‍ശംഖ്) എന്നിവരും സംഗീത ഫ്യൂഷനില്‍ താളവാദ്യവിസ്മയം തീര്‍ത്തു. സ്‌പെഷല്‍ കച്ചേരിയില്‍ രുദ്രപട്ടണം ബ്രദേഴ്‌സ്, ഗായത്രി ശങ്കര്‍ എന്നിവരുടേതായിരുന്നു വായ്പാട്ട്.

സംഗീതോത്സവത്തിന്റെ ആദ്യദിവസം 200 ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി. പ്രധാന കച്ചേരികള്‍ക്ക് 40 മിനിറ്റും മറ്റു സംഗീതാര്‍ച്ചനകള്‍ക്ക് അഞ്ചുമിനിറ്റുമാണ് അനുവദിക്കുന്നത്. സംഗീതാര്‍ച്ചന കഴിഞ്ഞ് പോകുന്നവര്‍ക്ക് ഗുരുവായൂരിന്റെ ചിത്രവും 'ഭക്തപ്രിയ' മാസികയും പ്രസാദവും അടങ്ങിയ കിറ്റ് ദേവസ്വം നല്‍കുന്നുണ്ട്.

മണ്ണൂര്‍ രാജകുമാരനുണ്ണി. പാലാ സി.കെ. രാമചന്ദ്രന്‍, ഡോ.കെ. ഓമനക്കുട്ടി, എന്‍. ഹരി, വൈക്കം വേണുഗോപാല്‍ എന്നിവരടങ്ങിയ സംഗീതോത്സവ സബ് കമ്മിറ്റിയാണ് സംഗീതോത്സവം നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ 5.30 ന് സംഗീതോത്സവം ആരംഭിക്കും. വിശേഷാല്‍ കച്ചേരി വൈകീട്ട് ആറരമുതലാണ്. ഓരോ മണിക്കൂര്‍ വീതം മൂന്ന് കച്ചേരികളായി രാത്രി 9.30 വരെയാണിത്. രണ്ടു വായ്പാട്ടുകളും ഒരു ഉപകരണസംഗീതവും എന്ന ക്രമത്തിലാണ് വിശേഷാല്‍ കച്ചേരി നടക്കുക. അതിനുശേഷം രാത്രി 11 വരെ സംഗീതാര്‍ച്ചനകള്‍ തുടരും. ആകാശവാണിയുടെ തത്സമയ പ്രക്ഷേപണ നവംബര്‍ 13 ന് ആരംഭിക്കും.
CLICK ON PHOTO

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.