പേജുകള്‍‌

CHAVAKKAD BEACH FISH AKBAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CHAVAKKAD BEACH FISH AKBAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 12, ഞായറാഴ്‌ച

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ 30ന് തുടങ്ങും

കെ എം അക്ബര്‍
ചാവക്കാട്: മൂന്നാമത് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ നടക്കും. 30ന് ഘോഷയാത്രും കലാപരിപാടികളും 31 ന് ഗാനമേള, മിമിക്സ് പരേഡ്, കടലില്‍ വര്‍ണമഴ എന്നിവയുമുണ്ടാകും. ഫെസ്റ്റിവെലിന്റെ നടത്തിപ്പിനായി നാളെ (ചൊവ്വ) രാവിലെ ഒന്‍പതിന് ചാവക്കാട് റസ്റ്റ് ഹൌസില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.

2010 നവംബർ 12, വെള്ളിയാഴ്‌ച

ചാവക്കാട് കടല്‍തീരത്ത് അപ്രതീക്ഷിത കടലേറ്റം; ലക്ഷങ്ങളുടെ നാശം

രണ്ട് വള്ളങ്ങള്‍ തകര്‍ന്നു; പത്തോളം വീടുകളില്‍ വെള്ളം കയറി
കെ എം അക്ബര്‍
ചാവക്കാട്: അപ്രതീക്ഷിതമായുണ്ടായ കടലേറ്റം തീരദേശ മേഖലയില്‍ വ്യാപകനാശം വിതച്ചു. രണ്ട് മല്‍സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. കരയില്‍ കയറ്റിവെച്ച രണ്ട് വള്ളം കടലിലേക്ക് ഒഴുകി പോയി. പത്തോളം വീടുകളില്‍ വെള്ളം കയറി. എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, ബ്ളാങ്ങാട്, മുനക്കകടവ് തീരങ്ങളിലാണ് അപ്രതീക്ഷിത കടലേറ്റം നാശം വിതച്ചത്. എടക്കഴിയൂര്‍ കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന തിരുവത്ര ആനത്തലമുക്ക് കുന്നത്ത്വീട്ടില്‍ ഷാഹുവിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വള്ളവും ചെറുവഞ്ചിയുമാണ് തകര്‍ന്നത്.
വള്ളങ്ങള്‍ ശക്തമായ കാറ്റില്‍ കൂട്ടിയിടിച്ച് തകരുകയായിരുന്നു. കടലിലേക്ക് ഒലിച്ചു പോയ ഈ വള്ളങ്ങള്‍ അരകിലോ മീറ്റര്‍ അകലെ കാജാ കമ്പനി കടല്‍ തീരത്ത് അടിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങള്‍ കടലില്‍ നഷ്ടപ്പെട്ടു. ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റി വെച്ചിരുന്ന എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ സുഹൈര്‍ വള്ളമാണ് കടലിലേക്ക് ഒഴുകിപോയി കാണാതായത്. പൊന്നാനി വരെ തിരച്ചില്‍ നടത്തിയെങ്കിലും വള്ളം കണ്ടെത്താനായില്ല. ബ്ളാങ്ങാട് കടല്‍ തീരത്തു നിന്നും ഒഴുകിപ്പോയ അമീറലിയുടെ വള്ളം മണിക്കൂറുകള്‍ക്ക് ശേഷം പുത്തന്‍കടപ്പുറത്ത് കണ്ടെത്തി. ഇതിലുണ്ടായിരുന്ന മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. കടപ്പുറം മുനക്കകടവില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. അഴിമുഖം ചൂളകടവില്‍ രാജന്‍, പൊറ്റയില്‍ സുരേഷ്, പടുമാട്ടുമ്മല്‍ രാധ, പുളിക്കല്‍ അബു, മന്ദലാംകുന്ന് കുഞ്ഞി, കുറുപ്പശേരി ലാലസന്‍, പൊറ്റയില്‍ തങ്ക തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. 

മഴ: തീരദേശ മേഖലയില്‍ ഉണക്കമല്‍സ്യ കയറ്റുമതി രംഗത്ത് കാല്‍ കോടിയോളം രൂപയുടെ നഷ്ടം

കെ എം അക്ബര്‍
ചാവക്കാട്: മഴയെ തുടര്‍ന്ന് തീരദേശ മേഖലയിലെ ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കാല്‍ കോടിയോളം രൂപയുടെ നഷ്ടം നേരിട്ടു. തീരദേശ മേഖലയില്‍ എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, പഞ്ചവടി കടല്‍ തീരങ്ങളിലാണ് പ്രധാനമായും മല്‍സ്യം ഉണക്കി കയറ്റുമതി ചെയ്യുന്നത്. ഇതിനായി നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചതോടെ ഇവര്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇവര്‍ക്കു പുറമെ തദേശീയരായ സ്ത്രീകളടക്കമുള്ളവരും തൊഴിലെടുക്കുന്നുണ്ട്. ഒരാള്‍ക്ക് 350 മുതല്‍ 400 രൂപ വരെയാണ് കൂലി. തമിഴ്നാട്ടിലെ കോഴിഫാമുകളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ഉണക്കമല്‍സ്യം കയറ്റുമതി ചെയ്യുന്നത്. മഴയെ തുടര്‍ന്ന് ഉണക്കമല്‍സ്യം നശിച്ചതോടെ കിലോക്ക് 15 മുതല്‍ 20 രൂപ വരെ ഉണ്ടായിരുന്ന ഉണക്കമല്‍സ്യത്തിന് ഇപ്പോള്‍ എട്ടു മുതല്‍ 12 വരെ വിലയിടിഞ്ഞിരിക്കുകയാണ്. 

കടലേറ്റം: ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ചാവക്കാട്: കടലേറ്റം ശക്തമായതിനെ തുടര്‍ന്ന് ബ്ളാങ്ങാട് കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന നൂറു കണക്കിന് ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ശക്തമായ കടലേറ്റത്തോടൊപ്പം കാറ്റും ആഞ്ഞു വീശിയത്. കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കടലില്‍ തങ്ങല്‍പണിയലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ച് തിരിച്ചെത്തി.