പേജുകള്‍‌

2011, മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്: നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ വിറച്ചു ജയിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. 36.5. ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്കായി. സ്കോര്‍: നെതര്‍ലന്‍ഡ്സ്: 46.4 ഓവറില്‍ 189, ഇന്ത്യ: 36.5 ഓവറില്‍ 191/5.


സേവാഗും സച്ചിനും നല്‍കിയ മിന്നല്‍ തുടക്കത്തിനുശേഷമാണ് ഇന്ത്യ കൂട്ടതകര്‍ച്ച നേരിട്ടത്. സ്കോര്‍ 69ല്‍ എത്തിയപ്പോള്‍ സേവാഗ്(37) വീണു. അധികം വൈകാതെ അമിതാവേശം കാണിച്ച സച്ചിനും(28) പവലിയനില്‍ തിരിച്ചെത്തി. വണ്‍ഡൌണായി എത്തിയ യൂസഫ് പഠാന്‍(11) സിക്സറിടിച്ച് തുടങ്ങിയെങ്കിലും സീലറുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. കൊഹ്ലിയെ((12) ക്ളീന്‍ ബൌള്‍ ചെയ്ത് ബോറന്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. കൊഹ്ലി വീഴുമ്പോള്‍ ഇന്ത്യ മൂന്നക്കം കടന്നിരുന്നില്ല.

പിന്നീട് കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി യുവരാജും ഗംഭീറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ 139ല്‍ എത്തിച്ചു. ഗംഭീറിനെ(28) ബുഖാരി പുറത്താക്കിയതോടെ ഇന്ത്യ പരാജയം മണത്തു. എന്നാല്‍ പതറാതെ പൊരുതിയ യുവരാജും(51 നോട്ടൌട്ട്) നായകന്‍ ധോണിയും(19 നോട്ടൌട്ട്) ഇന്ത്യയെ വിജയതീരം കടത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുവരാജ് കളിയിലെ കേമനായി. നെതര്‍ലന്‍ഡ്സിനു വേണ്ടി സീലര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്സിനു വേണ്ടി വാര്‍സിന്‍സ്കി(28), ബറേസി(26), കൂപ്പര്‍(29), ബോറന്‍(38), ബുഖാരി(21) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി സഹീര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ചൌളയും യുവരാജും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.