അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിന് മുമ്പൊരു ഫൈനലിന് ആരങ്ങൊരുങ്ങി. മാര്‍ച്ച് 30ന് മൊഹാലിയില്‍ ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരിന് അര്‍ഹത നേടാനായി ഏറ്റുമുട്ടും. ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടുത്തി ധോണിപ്പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരിക്കല്‍ കൂടി യുവരാജ് സിംഗ് കളിയിലെ താരമായി. സ്കോര്‍: ഓസ്ട്രേലിയ: 50 ഓവറില്‍ 260/6, ഇന്ത്യ: 47.4 ഓവറില്‍ 261/5.
ലോക ക്രിക്കറ്റിലെ പതിനൊന്ന് വര്‍ഷം നീണ്ട ഓസീസ് ആധിപത്യത്തിനാണ് ഇന്ന് അഹമ്മദാബാദില്‍ തിരശീല വീണത്. റിക്കി പോണ്ടിംഗിന്റെ സെഞ്ചുറി മികവില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയ ഓസീസിന് സച്ചിന്റെയും(53) ഗംഭീറിന്റെയും(50), യുവരാജ് സിംഗിന്റെയും( നോട്ടൌട്ട്) അര്‍ധസെഞ്ചുറികളിലൂടെ മറുപടി പറഞ്ഞാണ് ഇന്ത്യ ഓസീസ് ആധിപത്യത്തിന് അന്ത്യം കുറിച്ചത്.
തുടക്കത്തിലെ സേവാഗിനെ നഷ്ടമായശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയെ താങ്ങി നിര്‍ത്തി. സച്ചിനും വീണപ്പോള്‍ ഗംഭീര്‍ പാറ പോലെ ഉറച്ചു നിന്നു. യുവരാജുമായുള്ള ധാരണപിശകില്‍ ഗംഭിര്‍ റണ്ണൌട്ടായപ്പോള്‍ യുവരാജ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തി. ഇടക്ക് കൊഹ്ലിയെയും(24), നായകന്‍ ധോണിയെയും(7) പെട്ടെന്ന് നഷ്ടമായപ്പോള്‍ പതറാതെ നിന്ന യുവരാജ്(65 പന്തില്‍ 57) റെയ്നയെ(28 പന്തില്‍ 34) സാക്ഷി നിര്‍ത്തി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ലോകകപ്പില്‍ ഇതുവരെ ഫോമിലെത്താതിരുന്ന പോണ്ടിംഗ് 2003 ലോകകപ്പിന്റെ തനിയാവര്‍ത്തനം പോലെയാണ് ഓസീസ് ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയത്. കഴിഞ്ഞ 18 ഇന്നിംഗ്സിനിടെ ആദ്യ സെഞ്ചുറിയും ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയും ഇന്ത്യക്കെതിരായ ആറാം സെഞ്ചുറിയുമാണ് പോണ്ടിംഗ് ഇന്ന് അഹമ്മദാബാദില്‍ കുറിച്ചത്. പത്താം ഓവറില്‍ ക്രീസിലെത്തിയ പോണ്ടിംഗ് 118 പന്തില്‍ ഏഴു ബൌണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 104 റണ്‍സെടുത്ത് 49-ാം ഓവറിലാണ് പുറത്തായയത്.
ഓപ്പണര്‍ വാട്സണെ(25) തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ബ്രാഡ് ഹാഡിനുമൊത്ത്(53) 70 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ പോണ്ടിംഗ് ആറാം വിക്കറ്റില്‍ ഡേവിഡ് ഹസിയുമൊത്ത് 55 റണ്‍സ് അടിച്ചെടുത്തു. 113 പന്തില്‍ ഏഴു ബൌണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് പോണ്ടിംഗ് മൂന്നക്കം കടന്നത്. 26 പന്തില്‍ 38 റണ്‍സെടുത്ത ഡേവിഡ് ഹസി നായകന് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി സഹീര്‍, യുവരാജ്, അശ്വിന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറായ ഹര്‍ഭജന് വിക്കറ്റൊന്നും ലഭിച്ചില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.