പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍

കൊളംബോ: ലോകകപ്പ് ക്രിക്കറ്റിലെ കറുത്ത കുതിരകളായ ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ശ്രീലങ്ക കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടി. ഇത് മൂന്നാം തവണയാണ് ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്നത്. ആറാം തവണയാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ സെമിയില്‍ പുറത്താവുന്നത്. സ്കോര്‍-ന്യൂസിലന്‍ഡ്: 48.4 ഓവറില്‍ 217, ശ്രീലങ്ക: 47.4 ഓവറില്‍: 220/5

കീവീസ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറിയ ലങ്ക, മധ്യനിരയുടെ തകര്‍ച്ചയില്‍ പതറിപ്പോയെങ്കിലും വിജയം തട്ടിയെടുക്കാന്‍ കീവീസിനായില്ല. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനുശേഷം തരംഗയെ(30) നഷ്ടമായെങ്കിലും ദില്‍ഷനും(73) നായകന്‍ സംഗക്കാരയും(54) ലങ്കന്‍ ഇന്നിംഗ്സിനെ നയിച്ചപ്പോള്‍ ഒരുഘട്ടത്തില്‍ ശ്രീലങ്ക അനായാസ വിജയം നേടുമെന്ന് കരുതിയെങ്കിലും ദില്‍ഷനെയും, സംഗക്കാരയെയും ജയവര്‍ധനയെയും(1) തുടര്‍ച്ചായി നഷ്ടമായത് ലങ്കയുടെ സമ്മര്‍ദ്ദമേറ്റി.

162/1 എന്ന സ്കോറില്‍ നിന്ന് 169/4ലേക്ക് ലങ്ക വീണു. അധികം വൈകാതെ ചമര സില്‍വയും(12) പുറത്തായതോടെ ലങ്കന്‍ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ സമരവീരയും(23 നോട്ടൌട്ട്) എയ്ഞ്ചലോ മാത്യൂസും(14 നോട്ടൌട്ട്) ചേര്‍ന്ന് ലങ്കയെ ഫൈനലിലേക്ക് കൈപിടിച്ചു നടത്തി. കീവീസിനു വേണ്ടി സൌത്തി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കീവീസ് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം സ്കോട് സ്റൈറിസ്(57), മാര്‍ട്ടിന്‍ ഗപ്ടില്‍(39), റോസ് ടെയ്ലര്‍(34), വില്യാംസണ്‍(22) എന്നിവരിലൂടെ നടത്തിയ ചെറുത്തു നില്‍പ്പാണ് കീവീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ കീവീസ് 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും 43-ാം ഓവറില്‍ പവര്‍പ്ളേ എടുത്തതോടെ കൂട്ടത്തകര്‍ച്ച നേരിട്ടു. 43-ാം ഓവറില്‍ 193/4 എന്ന നിലയിലായിരുന്നു കീവീസ് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ബ്രെണ്ടന്‍ മക്കല്ലം(13) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ കളിയിലെ ഹീറോ ജെസ്സി റൈഡര്‍(19) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി. ലങ്കയ്ക്ക് വേണ്ടി മലിംഗയും മെന്‍ഡിസും മൂന്നുവീതവും മുരളി രണ്ടും ഹെറാത്ത്, ദില്‍ഷന്‍, എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.