മൊഹാലി: ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന, ഇരുഭാഗത്തേയും ആരാധകരെ പിരിമുറുക്കത്തിലാക്കിയ മത്സരത്തിനൊടുവില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 260 റണ്‍സിന് പാക്കിസ്ഥാന്‍ തളച്ചപ്പോള്‍ ഫീല്‍ഡിംഗിലും ബൌളിംഗിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.
കൃത്യമായ ഇടവേളകളില്‍ പാക്കിസ്ഥാന്റെ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ ബൌളിംഗ് നിര ലോകകപ്പില്‍ ആദ്യമായി അവസരത്തിനൊത്തുയര്‍ന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അര്‍ധസെഞ്ചുറിയുമായി പാക്കിസ്ഥാനെ രക്ഷിക്കാന്‍ അവസാന ഓവറുകളില്‍ മിസബ ഉള്‍ ഹക്ക് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി നെഹ്റയും മുനാഫ് പട്ടേലും ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത അമ്പതോവറില്‍ 260 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ പരുങ്ങലിലായിരുന്നെങ്കിലും 'പല തുളളി പെരുവെള്ളം' എന്ന നിലയില്‍ ഇന്ത്യന്‍ ടീം മാന്യമായ സ്കോര്‍ കണ്ടെത്തുകയായിരുന്നു.
വാലറ്റത്തില്‍ 39 പന്തില്‍ നിന്ന് പുറത്താകാതെ 36 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ പ്രകടനം ശ്രദ്ധേയമായി. 85 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 41 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
85 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ക്രീസില്‍ വന്നയുടന്‍ തന്നെ അപ്രതീക്ഷിതമായി മടങ്ങേണ്ടി വന്ന യുവരാജിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായത്. മികച്ച രീതിയില്‍ ക്ഷമയോടെ ബാറ്റ് വീശിയിരുന്ന സച്ചിന്‍ സെഞ്ചുറി പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളിലെ സച്ചിന്റെ നൂറാം സെഞ്ചുറിക്ക് സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയില്‍ മൊഹാലി സ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിയവേയായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. സയീദ് അജ്മലിന്റെ പന്തില്‍ അഫ്രീദിക്ക് പിടികൊടുത്ത് സച്ചിന്‍ മടങ്ങുകയായിരുന്നു. ലോകകപ്പില്‍ ഇതുവരെ മികച്ച ഫോം പ്രദര്‍ശിപ്പിച്ചിരുന്ന യുവരാജിന്റെ മടക്കവും സ്കോര്‍ബോര്‍ഡില്‍ പ്രതിഫലിച്ചിരുന്നു.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ്. സേവാഗ് (25 പന്തില്‍ നിന്ന് 38) ഗംഭീര്‍ (32 പന്തില്‍ നിന്ന് 27) വിരാട് കൊഹ്ലി (21 പന്തില്‍ നിന്ന് 9) യുവരാജ് (1 പന്തില്‍ നിന്ന് 0), ധോണി (42 പന്തില്‍ നിന്ന് 25) ഹര്‍ഭജന്‍ സിംഗ് (15 പന്തില്‍ നിന്ന് 12) സഹീര്‍ ഖാന്‍ (10 പന്തില്‍ നിന്ന് 9) ആശിഷ് നെഹ്റ (2 പന്തില്‍ നിന്ന് 1) മുനാഫ് പട്ടേല്‍ (0 പന്തില്‍ നിന്ന് 0)
പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് അഞ്ച് വിക്കറ്റുകള്‍ നേടി. ഫീല്‍ഡിംഗില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ വരുത്തിയ പിഴവാണ് ഇന്ത്യയ്ക്ക് പലപ്പോഴും അനുഗ്രഹമായത്. ആറ് ക്യാച്ചുകളാണ് പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തിയത്. സച്ചിന്റെ മാത്രം നാല് ക്യാച്ചുകളാണ് പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടുകളഞ്ഞത്. ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചാണ് ലങ്ക ഫൈനല്‍ ടിക്കറ്റ് നേടിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.