പേജുകള്‍‌

2011, മാർച്ച് 14, തിങ്കളാഴ്‌ച

മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു: തൊഴിലാളികള്‍ രക്ഷപ്പെട്ടു

കെ.എം.അക്ബര്‍
ചാവക്കാട്:  കടപ്പുറം മുനക്കകടവ് ഫിഷ്ലാലിന്റിങ് സെന്ററില്‍ നിന്നു മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു. തൊഴിലാളികള്‍ രക്ഷപ്പെട്ടു.  കൊല്ലം സ്വദേശി സുധാകാരന്‍ ഇന്നലെ രാത്രി പത്തരയോടെ വാടാനപ്പള്ളി കടല്‍തീരത്തും  അമ്പലപ്പുഴ സ്വദേശി നസീര്‍ നാട്ടിക കടല്‍തീരത്തും കയറി.  ബാക്കിയുള്ളവരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററില്‍ നിന്ന് അഞ്ചു തൊഴിലാളികളുമായി ഇന്നലെ രാവിലെ മല്‍സ്യബന്ധനത്തിനു പോയ “മക്ക” ബോട്ടാണ് ആഴക്കടലില്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നത്. ഇതേ തുടര്‍ന്ന് മുനക്കകടവ് ഫിഷ്ലാലിന്റിങ് സെന്ററില്‍ നിന്ന് എട്ടോളം ബോട്ടുകളില്‍ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രാത്രി 10.30വരെ കടലില്‍ പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.  ഇതിനിടയിലാണ് സുധാകരന്‍ വാടാനപ്പള്ളി കടല്‍തീരത്ത് കയറിയത്.
കടപ്പുറം മുനക്കകടവ് ചോപ്പന്‍ അഫ്സാദ്, സുധാകരന്‍ , അമ്പലപ്പുഴ സ്വദേശികളായ  മൂന്നുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ മുഴുവന്‍ മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമായതാണ് ബോട്ട് മുങ്ങി എന്ന സംശയം നാട്ടുകാരില്‍ ജനിപ്പിച്ചത്.

വൈകീട്ട് അഞ്ചോടെ മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് ഒരു വിവരവും ലഭിക്കാതായതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. അതേ സമയം കടലില്‍ മല്‍സ്യ ബന്ധന ബോട്ടിന്റെ  അവശിഷ്ടങ്ങള്‍ ഒഴുകുന്നത് കണ്ടതായി മറ്റു തൊഴിലാളികള്‍ പറഞ്ഞിരുന്നു. മല്‍സ്യബന്ധന ബോട്ട് ആഴക്കടലില്‍ കാണാതായി  എന്ന വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ രാത്രി പത്തോടെ മുനക്കകടവ് ഫിഷ്ലാന്റിങ് സെന്റര്‍, അഴിമുഖം ഭാഗങ്ങളിലേക്ക് എത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.