പേജുകള്‍‌

2011, മാർച്ച് 11, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ഇടത്തോട്ടോ വലത്തോട്ടോ? പ്രവചനാതീതം

കെ എം അക്ബര്
ഗുരുവായൂര്‍: രണ്ട് നഗരസഭകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ ഏക മണ്ഡലമായ ഗുരുവായൂര്‍ ഇക്കുറി ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ? ഗുരുവായൂര്‍ ആനയോട്ടം പോലെ പ്രവചനം അസാധ്യം. ഇതു തന്നെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ വൈകിപ്പിക്കുന്നതും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എയും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ തന്നെ മല്‍സര രംഗത്തിറങ്ങുമെന്ന് ഉറപ്പാണെങ്കിലും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്.

പ്രമുഖ നേതാക്കളെ ലീഗ് അങ്കത്തിനിറക്കിയാല്‍ ഗുരുവായൂരില്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്. എന്നാല്‍ മണ്ഡലത്തിനകത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ മുമ്പ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. കഴിഞ്ഞ തവണ മല്‍സരിച്ച ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്, ലീഗ് ജില്ലാ പ്രസിഡന്റ് കെ എസ് ഹംസ, അഷറഫ് കോക്കൂര്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു ആദ്യമുയര്‍ന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി ചര്‍ച്ച മുറുകിയതോടെ മുന്‍ മന്ത്രി പി കെ കെ ബാവ, ടി എ അഹമദ് കബീര്‍, അബ്ദുസ്സമദ് സമദാനി എന്നിവരുടെ  പേരും ഉയര്‍ന്നുകേട്ടു. എന്നാല്‍ ഏറ്റവുമൊടുവില്‍ എല്ലാ പ്രചാരണങ്ങളും കാറ്റില്‍പറത്തി സി മമ്മൂട്ടിയുടെ പേര് ലീഗ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നു. എന്നാല്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തന്നെയാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.


പുനര്‍നിര്‍ണയം  കൊണ്ട് നേട്ടമുണ്ടായ മണ്ഡലമാണ് ഗുരുവായൂര്‍. നാട്ടിക മണ്ഡലത്തില്‍ നിന്ന് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഗുരുവായൂരിലെത്തി. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ കൂടാതെ കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേകാട് ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍കൊള്ളുന്ന മണ്ഡലത്തില്‍ തദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും ലോക്സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള കണക്കെടുത്താല്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം.


കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, വടക്കേകാട് പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളും പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളും എല്‍.ഡി.എഫ് ഭരണത്തിലാണ്.


ഐക്യകേരള രൂപവല്‍ക്കരണത്തിനുശേഷം 1957ല്‍ നടന്ന  ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്വതന്ത്രന്‍ പി കെ കോരുവായിരുന്നു ഗുരുവായൂരിന്റെ പ്രതിനിധി. 1960ല്‍ കോണ്‍ഗ്രല്ലിലെ കെ ജി കരുണാകരമേനോന്‍ എം.എല്‍.എ ആയി. 65ല്‍ പി കെ അബ്ദുല്‍ മജീദും, 67ല്‍ മുസ്ലിം ലീഗിലെ ബി വി സീതി തങ്ങളും മണ്ഡലത്തിന്റെ പ്രതിനിധികളായി. 70ല്‍ ബി വി സീതി തങ്ങളെ തോല്‍പ്പിച്ച് കെ.ടി.പി യിലെ വര്‍ക്കി വടക്കന്‍ വിജയിച്ചു. 77ല്‍ സീതി തങ്ങളിലൂടെ വീണ്ടും മുസ്ലിം ലീഗ് മണ്ഡലം കൈപ്പിടിയിലൊതുക്കി. പിന്നീട് ഗുരുവായൂര്‍ ലീഗിന്റെ കുത്തക സീറ്റായി മാറുന്ന കാഴ്ചയാണ് കണ്ടത്.


80ല്‍ സീതി തങ്ങള്‍ വീണ്ടും വിജയിച്ചപ്പോള്‍ 82ലും 87ലും പി.കെ.കെ ബാവ പാരമ്പര്യം കാത്തു. 91ല്‍ ലീഗിലെ പി എം അബൂബക്കര്‍ വിജയിച്ചു. എന്നാല്‍ അബൂബക്കര്‍ ലീഗ് വിട്ട് സുലൈമാന്‍ സേഠിനൊപ്പം ഐ.എന്‍.എല്‍ രൂപീകരിച്ചതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 92ല്‍ ബാബരി മസ്്ജിദ് തകര്‍ക്കപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിന് ഗുരുവായൂര്‍ വേദിയായതോടെ മത ന്യൂനപക്ഷങ്ങള്‍ ലീഗിന് ശക്തമായ തിരിച്ചടി നല്‍കി. അബ്ദുസ്സമദ് സമദാനിയെ രംഗത്തിറക്കി ലീഗ് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും എല്‍.ഡി.എഫ് സ്വതന്ത്രനായി മല്‍സരിച്ച സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് 2000 വോട്ടിന്റെ ഭൂരിപക്ഷത്തിന്   വിജയിച്ചു.  പിന്നീട് 96 ലും പി ടി വിജയം ആവര്‍ത്തിച്ചു. 2001 ല്‍ വീണ്ടും മല്‍സരിക്കാനെത്തിയ പി കെ കെ ബാവ ഗുരുവായൂരില്‍ ലീഗിന് വിജയ മധുരം നല്‍കി. 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ ഏറ്റുമുട്ടിയപ്പോള്‍ കെ വി അബ്്ദുല്‍ഖാദര്‍ വിജയിക്കുകയായിരുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ വത്സരാജ് കുത്തേറ്റ് മരിച്ചതും മുസ്ലിം ലീഗിനുള്ളിലെ തന്നെ കാലുവാരലുമായിരുന്നു കെ വി അബ്ദുല്‍ ഖാദറിന്റെ വിജയത്തിന് പ്രധാന കാരണമായത്. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ പുറമെ നവാഗതരായ എസ്.ഡി.പി.ഐയും ഗുരുവായൂരില്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാകും.


തീരദേശ മേഖലയിലെ എസ്.ഡി.പി.ഐയുടെ വന്‍സ്വാധീനം ഇരുമുന്നണികളെയും അസ്വസ്ഥരാക്കുന്നുണ്ട്.


ബി.ജെ.പിക്കു പുമെ കടുത്ത ഹൈന്ദവ വികാരം ഇളക്കി വിട്ട് ഹിന്ദു പാര്‍ലമെന്റും ഇത്തവണ ഗുരുവായൂരില്‍ മല്‍സര രംഗത്തുണ്ടാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.