പേജുകള്‍‌

2011, മാർച്ച് 26, ശനിയാഴ്‌ച

എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം: വീരേന്ദ്രകുമാര്‍

ചാവക്കാട്: പരസ്​പരം തമ്മില്‍ തല്ലും കുതികാല്‍വെട്ടുമല്ലാതെ അഞ്ചുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് പൊതുജനത്തോട് പറയണമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ചാവക്കാട് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇ.എം.എസ്സിന്റെയും എ.കെ.ജി.യുടെയും തൊഴിലാളിവര്‍ഗത്തിന്റെയും പാര്‍ട്ടിയല്ല സി.പി.എം.; കോര്‍പ്പറേറ്റുകളുടെ പാര്‍ട്ടിയാണ്. ഉള്ളവനോട് ഒരു കാലത്ത് ധാര്‍ഷ്ട്യം കാണിച്ചിരുന്ന ഇവര്‍ ഇന്ന് ഇല്ലാത്തവനോടാണ് ധാര്‍ഷ്ട്യം കാണിക്കുന്നത്. രണ്ടുകോടിയുടെ അഴിമതിയുടെ പേരില്‍ ആര്‍. ബാലകൃഷ്ണപ്പിള്ള ഒരു വര്‍ഷം ജയിലില്‍ പോയെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ 371 കോടി രൂപയുടെ അഴിമതി നടത്തി, എത്രവര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.

നാലരവര്‍ഷത്തിനുള്ളില്‍ ലോട്ടറി ഇടപാടില്‍ 8,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് സി.ബി.ഐ.യ്ക്ക് കത്തയച്ച വി.എസ്. അച്യുതാനന്ദന്‍ തോമസ് ഐസക്കിനെ എത്രവര്‍ഷം ജയിലിലടയ്ക്കും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പരമോന്നത നീതി പീഠമാണ് പി. കെ. കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ടത്.

കേരളത്തില്‍ തീവ്രവാദം പരീക്ഷിച്ചത് സി.പി.എം. ആണ്. മുസ്‌ലിം ലീഗ് തീവ്രവാദം വളര്‍ത്തുന്നുവെന്ന പ്രചാരണം പ്രബുദ്ധകേരളം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണനേട്ടം ഒന്നും പറയാനില്ലാത്ത വി.എസ്. കയ്യാമം ഉണ്ടെന്നു പറഞ്ഞ് ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. കാപട്യത്തിന്റെ രാഷ്ട്രീയ അവതാരമാണ് വി.എസ്. അച്യുതാനന്ദനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാറള്‍ മാര്‍ക്‌സിനേക്കാള്‍ സിപിഎമ്മിന് പ്രിയം ലോട്ടറി മാര്‍ട്ടിനെയാണ്. യു.ഡി.എഫ്. ഭരണത്തില്‍ വന്നാല്‍പിന്‍വാതില്‍ നിയമനം ഉണ്ടാവില്ലെന്നും; നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി സി.എച്ച്. റഷീദ് അധ്യക്ഷനായി. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഷറഫ് കോക്കൂര്, പി.ടി. മോഹനകൃഷ്ണന്‍, ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി, പി.കെ. അബൂബക്കര്‍, എ.എല്‍. സെബാസ്റ്റ്യന്‍, കെ.എസ്. ഹംസ, കെ.കെ. മോഹന്റാം, ഡൊമിനി വാഴപ്പിള്ളി, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. അബൂബക്കര്‍ സ്വാഗതവും വി.കെ. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.