പേജുകള്‍‌

2011, മാർച്ച് 4, വെള്ളിയാഴ്‌ച

ഖത്തര്‍ പരിസ്ഥിതി ബോധവത്കരണം തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ബാങ്കും യുനെസ്‌കോയും സംയുക്തമായി നടപ്പാക്കുന്ന പരിസ്ഥിതി സ്‌കൂള്‍ പദ്ധതി തുടങ്ങി.  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക, ശരിയായ പരിസ്ഥിതി ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ സാന്നിധ്യം കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് യുനെസ്‌കോയുടെയും ദോഹ ബാങ്കിന്റെയും പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രൊജക്ടുകള്‍ നടപ്പാക്കുന്ന സ്‌കൂളുകള്‍ക്ക് ഇക്കോ സ്റ്റാര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പരിസ്ഥിതി ആരോഗ്യം, മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം, വാട്ടര്‍ മാനേജ്‌മെന്റ് എന്നീ നാലു വിഭാഗങ്ങളിലുള്ള പ്രൊജക്ടുകളാണ് അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്. ഓരോ വിഭാഗത്തിലും ചുരുങ്ങിയത് ഒരു പ്രൊജക്‌ടെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കുന്ന സ്‌കൂളിന് ഇക്കോ ഷൂട്ടിംഗ് സ്റ്റാര്‍ അവാര്‍ഡ് സമ്മാനിക്കും. വിദഗ്ധരടങ്ങുന്ന ഇക്കോ സ്‌കൂള്‍ കമ്മിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. അവാര്‍ഡ് നേടുന്ന സ്‌കൂളുകള്‍ക്ക് മറ്റ് ഇക്കോ സ്‌കൂളുകളുമായി ചേര്‍ന്ന് പുതിയ പദ്ധതി നടപ്പാക്കാം.

ഇക്കോസ്‌കൂള്‍ വെബ്‌സൈറ്റും (www.ecoschools.com.qa) പരിപാടിയുടെ ഭാഗമായി നിലവില്‍ വന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഈ സൈറ്റ് വഴി പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ക്കായി നാല് പോര്‍ട്ടലുകള്‍ വെബ്‌സൈറ്റിലുണ്ട്

ഈ വര്‍ഷം അവസാനത്തോടെ 50 സ്‌കൂളുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുനെസ്‌കോ അറബ് റീജിയണ്‍ ഇക്കോളജിക്കല്‍ സയന്‍സ് അഡൈ്വസര്‍ ഡോ. ബെന്നോ ബോയര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തില്‍ വിലപ്പെട്ട സംഭാവന സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് ഈ പദ്ധതി ഒരു പൊതുവേദിയായിരിക്കുമെന്നും പ്രായോഗികമായ നടപടികളിലൂടെ സ്‌കൂളുകളെ പരിസ്ഥിതി സൗഹൃദസ്ഥാപനങ്ങളാക്കി മാറ്റാന്‍ ഈ പദ്ധതി സഹായിക്കുമെന്നും  ദോഹ ബാങ്ക് സി.ഇ.ഒ ആര്‍‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.