ചാവക്കാട്: ചാവക്കാട് - ചേറ്റുവ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ഗുരുവായൂര്‍ കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടല്‍ ജോലികള്‍ക്കും ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കാന്‍ ധാരണയായി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത, പെതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, പോലീസ് വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
ഇംപ്രൂവിങ്ങ് റൈഡിങ്ങ് ക്വാളിറ്റി പ്രോഗ്രാം (ഈറ്ഖ്പ്പ്) പദ്ധതി പ്രകാരം ഏഴു കോടി രൂപ ചെലവില്‍ ചേറ്റുവ റോഡ് പുതുക്കി പണിയുന്നതിന് കരാറായിട്ടുണ്ട്. ഗുരുവായൂര്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. റോഡ് പണി തുടങ്ങുന്നതിന് മുമ്പ് പൈപ്പിടല്‍ നടത്തുന്നില്ലെങ്കില്‍ വീണ്ടും റോഡ് പൊളിക്കേണ്ടിവരും. റോഡ് കുഴിച്ചിട്ടാല്‍ അതു പൂര്‍വ്വസ്ഥിതിയിലാക്കി റോഡ് നവീകരിക്കുന്നത് സംബന്ധിച്ചും ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങളാണ് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്.
പൈപ്പിടല്‍ ജോലികളും റോഡ് നിര്‍മ്മാണവും ഒരേ സമയത്ത് തന്നെ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്.
ജില്ലാ കളക്ടര്‍ എം എസ് ജയ യോഗത്തില്‍ അദ്ധ്യക്ഷയായിരുന്നു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ജില്ലാ പോലീസ് സൂപ്രണ്ട് അജിതാ ബീഗം, ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് സത്യപാലന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരിത വി ഡി, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.