ചാവക്കാട്: ജില്ലയിലെ മുസ്‌ലീം ലീഗിന്റെ ഉരുക്കുകോട്ടയായ കടപ്പുറം പഞ്ചായത്തിലെ മുസ്‌ലീം ലീഗില്‍ ശുദ്ധികലശം തുടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മുസ്‌ലീം ലീഗിലെ ചേരിപ്പോരിനാണ് സംസ്ഥാനനേതൃത്വം ശക്തമായ നടപടിയിലൂടെ താക്കീത് നല്‍കിയിരിക്കുന്നത്.
കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പി.വി. ഉമ്മര്‍കുഞ്ഞി പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി.കെ. ബഷീര്‍ ജനറല്‍ സെക്രട്ടറിയുമായ കടപ്പുറം പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. കടപ്പുറം പഞ്ചായത്ത് അംഗങ്ങളായ എ.കെ. അബ്ദുള്‍ കരീം, ആര്‍.കെ. ഇസ്മായില്‍, ബി.ടി. പൂക്കോയതങ്ങള്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കാനും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
കടപ്പുറം പഞ്ചായത്തുകാരനാണ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. റഷീദ്. വിഭാഗീയത തുടര്‍ന്നാല്‍ അത് അസംബ്ലി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ബാധിക്കുമെന്ന ചിന്തയാണ് കര്‍ശനനടപടിക്ക് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ വോട്ടിങ് നിലയില്‍ മുന്നിലാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടര്‍ന്ന് ചാവക്കാട് നഗരസഭയുടെ ചരിത്രത്തിലാദ്യമായി ലീഗ് പച്ചതൊടാതെ പോയി.
കടപ്പുറം പഞ്ചായത്തിലെ ചേരിതിരിവിന് മൂര്‍ച്ച കൂട്ടുന്ന ലഘുലേഖകളും ചിലര്‍ പുറത്തിറക്കി. ഇതോടെ പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി. ഇതേത്തുടര്‍ന്ന് സംസ്ഥാനനേതൃത്വം സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദിനെ അന്വേഷണത്തിനായി ചാവക്കാട്ടേക്കയച്ചു. കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയ അദ്ദേഹത്തിന്റെ മുന്നിലും പഞ്ചായത്ത് കമ്മിറ്റിയിലെ പ്രമുഖര്‍ ബഹളം വെച്ചത് നേതൃത്വത്തെ അംഗീകരിക്കാത്ത ചിലരുടെ സ്വഭാവം നേരിട്ടറിയാന്‍ ഇടയാക്കി. കെ.പി.എ. മജീദിന്റെ ചാവക്കാട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് അച്ചടക്കനടപടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.