പേജുകള്‍‌

2010, ഡിസംബർ 13, തിങ്കളാഴ്‌ച

മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക്

കെ.എം അക്ബര്‍
കടപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും 15-ാം വാര്‍ഡ് അംഗവുമായ എ കെ അബ്ദുള്‍കരീമും മുസ്ലിം ലീഗ് പ്രാദേശിക നേതാവും 13-ാം വാര്‍ഡ് അംഗവുമായ ആര്‍ കെ ഇസ്മായിലുമാണ് കോണ്‍ഗ്രസിലേക്ക് ചേക്കാറാനൊരുങ്ങുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്. ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തവരെയും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് വിജയിച്ച സി മുസ്താക്കലിയേയും കൂടി ഉള്‍പ്പെടുത്തിയാല്‍ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇതോടെ കോണ്‍ഗ്രസിന് വരാനാകും. പഞ്ചായത്തില്‍ ഇതുവരെ മുസ്ലിം ലീഗാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുള്ളത്. അബ്ദുള്‍കരീമിനും ഇസ്മായിലിനും പുറമെ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് ഉജ്ജ്വല വിജയം നേടിയ 10-ാം വാര്‍ഡ് അംഗം ബി ടി പൂക്കോയ തങ്ങളേയും മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതിനെ തുടര്‍ന്ന് ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അഞ്ചങ്ങാടിയില്‍ പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.