പേജുകള്‍‌

2010, ഡിസംബർ 18, ശനിയാഴ്‌ച

മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം

ഗുരുവായൂര്‍: മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും പുല്ലുവില കല്പിച്ച് ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം വീണ്ടും. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണമാല കവര്‍ന്നു. നാലുവീടുകളില്‍ മോഷണശ്രമവും ഉണ്ടായി.
കാരക്കാട് മമ്പറമ്പത്ത് റസാഖിന്റെ ഭാര്യ ഉമ്മുവിന്റെ (45) മാലയാണ് കവര്‍ന്നത്. മല്ലിശ്ശേരി പറമ്പില്‍ വേളുവീട്ടില്‍ വേലായുധന്‍, ചെമ്പകശ്ശേരി പത്മാവതിയമ്മ, കറപ്പംവീട്ടില്‍ ബീബി അഹമ്മദ്, കാരക്കാട് കോടനായില്‍ ജയപ്രകാശ് എന്നിവരുടെ വീടുകളില്‍ മോഷണശ്രമവും നടന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മമ്പറമ്പത്ത് ഉമ്മുവിന്റെ മാല കവര്‍ന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് അടുക്കള വാതിലിന്റെ ഓടാമ്പല്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഉമ്മുവിന്റെ കഴുത്തില്‍നിന്ന് മാല മോഷ്ടിക്കുകയായിരുന്നു. അവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിയിച്ചപ്പോള്‍ ഗുരുവായൂര്‍ പോലീസ് എത്തി പരിശോധന നടത്തി.
ഉമ്മുവിന്റെ വീട്ടില്‍ മോഷണം നടന്നതിന് ഏകദേശം ഒരുമണിക്കൂര്‍ മുമ്പാണ് വേളുവീട്ടില്‍ വേലായുധന്റെ വീട്ടില്‍ മോഷണശ്രമം ഉണ്ടായത്. പിന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും വോലയുധന്‍ ശബ്ദംവെച്ചു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന മോഷ്ടാവ് ശബ്ദിക്കരുതെന്ന് ഭീഷണിപ്പെടുത്തിയത്രെ. പ്രതിരോധിക്കാനായി വേലായുധന്‍ എഴുന്നേല്‍ക്കുന്നതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടോടി.
പത്മാവതിയമ്മയുടെ വീടിന്റെ ഓടും ഷീറ്റുകളും ഇളക്കിമാറ്റി മോഷ്ടാക്കള്‍ അകത്തുകടന്നുവെങ്കിലും ആളനക്കം കേട്ടതിനാല്‍ അവര്‍ ഓടി.
കറപ്പംവീട്ടില്‍ ബീബി അഹമ്മദിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്തശേഷം അകത്തുകടന്ന മോഷ്ടാക്കള്‍ അലമാര തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴായിരുന്നു മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. കോടാനയില്‍ ജയപ്രകാശിന്റെ വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിപ്പോയതായി പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.