അബൂദബി: രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണമെങ്കില്‍ ആറ് മാസം കഴിയണമെന്ന വ്യവസ്ഥ നീക്കി. ഇതടക്കം തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പ്രഖ്യാപിച്ചു. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
കരാറിന് ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ മുന്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറുമായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂയെന്ന് നിബന്ധനയുണ്ട്. തൊഴിലുടമയുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്നാതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴിലെടുത്തിരിക്കണമെന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമോ കരാറിലുള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യമാണ് അതിലൊന്ന്. തൊഴിലാളിയുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും (സ്ഥാപനം അടച്ചുപൂട്ടലുള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിനെതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാഹചര്യമാണ് മറ്റൊന്ന്. ഇത്തരം സാഹചര്യങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും തൊഴിലാളി സ്ഥാപനത്തിനെതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പരാതി മന്ത്രാലയം കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശങ്ങളോ റദ്ദാക്കിയതിന് തൊഴിലാളിക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമക്കെതിരെ അന്തിമ വിധി പ്രഖ്യാപിക്കണം.
ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അവ ഇതാണ്:
1) ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷനല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ് പെടുന്നത്. പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.
2) തൊഴിലുടമ നിയമപരവും തൊഴില്‍പരവുമായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളിയുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3) തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ളതോ അദ്ദേഹത്തിന് ഓഹരിയുള്ളതോ ആയ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴിലാളിയെ മാറ്റുക.
ഈ മൂന്ന് സാഹചര്യങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.
തൊഴില്‍ വിപണിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുകയാണ് ലക്ഷ്യം. ഇരു കൂട്ടരുടെയും നിയമപരമായ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത മന്ത്രാലയത്തിനുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നിലവിലെ നിയമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഇവ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.