പാവറട്ടി: ഉപ്പുവെള്ള ഭീഷണിയെ അതിജീവിച്ചു പാടൂര്‍ പുഴയോരത്ത് പച്ചക്കറി കൃഷിയുടെ പച്ചപ്പ്. ശുദ്ധജലക്ഷാമം രൂക്ഷമായ പണ്ടറമാടില്‍ എട്ട് ഏക്കറിലും ആന്തുരമാടില്‍ രണ്ട് ഏക്കറിലുമാണ് കൃഷിയിറക്കിയത്. പ്രതികൂല സാഹചര്യത്തിലും നൂറുമേനി വിളഞ്ഞ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉല്‍സവഛായയില്‍ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
എസ്എച്ച്എം പദ്ധതി പ്രകാരം നാടന്‍ ഇനങ്ങളായ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷിയിറക്കിയത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വേലിയേറ്റംമൂലം ഉപ്പുവെള്ളം വ്യാപിക്കുന്ന പ്രദേശത്ത് പച്ചക്കറികൃഷി മരീചികയായിരുന്നു. ഭക്ഷ്യസുരക്ഷ പദ്ധതിപ്രകാരം കൃഷി ഓഫിസര്‍ ഡോ. എ.ജെ. വിവെന്‍സിയുടെ നിര്‍ദേശപ്രകാരം മനിത പട്ടികജാതി വനിത കാര്‍ഷിക സമിതിയാണ് പുതിയ പരീക്ഷണത്തിലൂടെ പച്ചക്കറികൃഷിയില്‍ വെന്നിക്കൊടി പാറിച്ചത്. പൂര്‍ണമായും മഴവെള്ളത്തെ ആശ്രയിച്ചായിരുന്നു കൃഷി. തരിശ് കിടന്നിരുന്ന തെങ്ങിന്‍തോപ്പുകളില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നിലം ഒരുക്കി റോട്ടോവേറ്റര്‍ ഉപയോഗിച്ചു വിത്ത് പാകി.
ജൂണ്‍ മാസത്തില്‍ തുടങ്ങിയ മഴ കൃഷിക്കായി ഉപയോഗിച്ചെങ്കിലും തുലാംമാസം കഴിഞ്ഞിട്ടും തകര്‍ത്തു പെയ്ത മഴ ഇഞ്ചിയേയും ചേനയേയും പ്രതികൂലമായി ബാധിച്ചു. എങ്കിലും പത്ത് ടണ്‍ പച്ചക്കറി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. തെങ്ങിന്‍തോപ്പിലെ ഇടവിള കൃഷി, തെങ്ങിന്റെ വളര്‍ച്ചയ്ക്കു കാരണമായതായും മണ്ണൊലിപ്പ് തടയാന്‍ സഹായിച്ചതായും കര്‍ഷകര്‍ പറഞ്ഞു. വിളവെടുത്ത പച്ചക്കറി ഉല്‍പന്നങ്ങളില്‍ ഒരു ഭാഗം വെങ്കിടങ്ങ് പഞ്ചായത്തിന്റെ മറ്റിടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതിനു വിത്തായി ഉപയോഗിക്കുമെന്നും ബാക്കി വിപണനം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.