ചാവക്കാട്: മുസ്ലിം ലീഗിലെ ചേരിപ്പോരിന് എരിവേകാന്‍ കൈപുസ്തകം. ഗ്രൂപ്പിസവും കാലുവാരലും മൂലം ഉഴലുന്ന കടപ്പുറം പഞ്ചായത്തിലാണ് മുസ്ലിം ലീഗ് നേതാക്കളെ തൊലിയുരിച്ചു കാട്ടിയുള്ള കൈപുസ്തകമിറങ്ങിയിട്ടുള്ളത്. 'ആദര്‍ശമില്ലാത്ത നേതാക്കള്‍' എന്ന തലക്കെട്ടോടു കൂടി പുറത്തിറക്കിയിട്ടുള്ള കൈപുസ്തകത്തിന് 12 പേജാണുള്ളത്. മുസ്ലിം ലീഗിന് കടപ്പുറത്ത് വളക്കൂറുണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മണ്‍മറഞ്ഞ നേതാക്കളായ ബി കെ സി തങ്ങള്‍, എ കെ സെയ്തുമുഹമ്മദ് ഹാജി, ബി കെ ആറ്റക്കോയ തങ്ങള്‍, പി സി ഹമീദ് ഹാജി, മെയ്തുണ്ണി ഹാജി, പി വി മൊയ്തീന്‍ എന്നിവരെ വാനോളം പ്രശംസിച്ച് തുടങ്ങുന്ന കൈപുസ്തകം ലീഗ് മുന്നേറ്റം എന്നപേരിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുള്ളത്. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദിനെ കടപ്പുറത്തെ കൌണ്ടര്‍ ഓഫ് ഹോണര്‍ (സി.എച്ച്) എന്ന് പുസ്തകത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മല്‍സരിച്ച റഷീദിനെ തോല്‍പ്പിച്ചത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് പുസ്തകം അക്കമിട്ട് നിരത്തുന്നു. ഞങ്ങളുടെ സഹോദരന്‍ ജയിക്കാത്ത ഗുരുവായൂരില്‍ കോമുക്കാട്ത്തെ ചെക്കന്‍ ജയിച്ച് കയറിയാല്‍ പിന്നെ ഞങ്ങള്‍ എന്തിനു പറ്റുമെന്നായിരുവത്രേ റഷീദിനെ കാലുവാരിയവര്‍ അടക്കം പറഞ്ഞിരുന്നത്. പ്രമാണി വര്‍ഗങ്ങളുമായി ഏറെ ചങ്ങാത്തം പുലര്‍ത്തുന്ന റഷീദ് പാവങ്ങളെ തഴയുകയും മറക്കുകയും ചെയ്യുന്നുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. കെ.എസ്.യു വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വരെയായ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമര്‍കുഞ്ഞിയെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനോടാണ് ഉപമിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി കെ ബഷീറിനെ അഹന്തക്ക് കയ്യും കാലും വെച്ചയാളെന്നും യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സെയ്നുല്‍ ആബിദിനെ ചാരപ്പണിക്കാരനെന്നും ബ്ളോക്ക് പഞ്ചായത്ത് അംഗം പി എം മുജീബിനെ മാര്‍ക്കിസ്റ്റുകാരെ ജയിപ്പിക്കാന്‍ തലയില്‍ മുണ്ടിട്ട് പ്രചരണം നടത്തിയയാളെന്നും വിശേഷിപ്പിക്കുന്ന പുസ്തകം പാര്‍ട്ടി വിപ്പ് ലംഘിച്ച് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മല്‍സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എ കെ അബ്ദുള്‍ കരീമിനെ അശ്ളീല പദമുപയോഗിച്ചാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം വി കെ ഷാഹുഹാജിയെ പോലീസ് സ്റ്റേഷന്‍ കാണുന്നത് പേടിയുള്ളയാളെന്ന്് പറഞ്ഞ് കളിയാക്കിയും പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ റാഫിയെ ഗ്രൂപ്പു നോക്കി പേനയുന്തുന്ന ആളെന്നും സഹോദരി റംലാ അഷറഫിനെ അഴിമതി മുഖമുദ്രയാക്കിയ മെംബറെന്നും പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി മന്‍സൂര്‍അലിയെ ദീപം കൊളുത്തിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, പഞ്ചായത്ത് അംഗം ആര്‍ എസ് മുഹമ്മദ് മോന്‍ എന്നിവരുടെ തനിനിറവും പുസ്തകത്തലൂടെ വരച്ചു കാട്ടുന്നുണ്ട്. മുസ്ലിം ലീഗിന് കടപ്പുറം പഞ്ചായത്തില്‍ ഇപ്പോള്‍ സ്വാധീനം നിലനില്‍ക്കുന്നതിന് പ്രധാന കാരണം സി.പി.എം ലോക്കല്‍ സെക്രട്ടറി സി എസ് ഷാഹുല്‍ ഹമീദ് ഉള്‍പ്പെടുന്നവരാണെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുസ്തകം അവസാനിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.