പേജുകള്‍‌

2010, ഡിസംബർ 30, വ്യാഴാഴ്‌ച

11 കളിക്കാര്‍ ‍, നൂറ് കോടി ഹൃദയമിടിപ്പുകള്‍ 'ക്കായി പത്തു നാളുകള്‍ മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : 2011 ലെ ഏഷ്യന്‍ കപ്പ് ഫുട്ബോളിനു പത്തു നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.അടുത്തമാസം ഏഴ് മുതല്‍ 29 വരെയാണ്‌ ഏഷ്യന്‍ കപ്പ് നടക്കുന്നത്.
ഇതിന്റെ മുന്നോടിയായി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കായുള്ള ബസ്സുകള്‍ ഒരുങ്ങി കഴിഞ്ഞു. ഇന്നലെ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് ബസ്സുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.16 ടീമുകള്‍ക്കായി 16 ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. 45 സീറ്റ് വീതമുള്ള ഓരോ ബസ്സിലും അതാത് രാജ്യങ്ങളുടെ പതാകയുടെ നിറങ്ങളാണ്‌ കൊടുത്തിട്ടുള്ളത്. ഓരോ ടീമുകള്‍ക്കും പ്രത്യേക മുദ്രാവാക്യങ്ങളും തയാറാക്കിയീട്ടുണ്ട്. ഈ മുദ്രാവാക്യങ്ങള്‍ എ.എഫ്.സി ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ മല്‍സരത്തിലൂടെയാണ്‌ തിരഞ്ഞെടുത്തത്.ടീമംഗങ്ങളെയും പരിശീലകരെയും താമസസ്ഥലങ്ങളില്‍ നിന്ന് മല്‍സരവേദികളിലേക്കും പരിശീലന സ്ഥലങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്നത് ഈ ബസ്സുകളിലായിരിക്കും.
2022ലെ ലോകകപ്പ് വേദി ലഭിച്ചതിന്റെ ആവേശത്തിലുമാണു സംഘാടക സമിതി.ഇതാദ്യമായാണ് ഏഷ്യന്‍കപ്പുമായി ബന്ധപ്പെട്ട് എ.എഫ്.സി ഇത്തരം ചില കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് സൂസെ പറഞ്ഞു. ബസ്സുകള്‍ക്ക് പ്രത്യേക ഭംഗിയും കളിക്കാര്‍ക്ക് അഭിമാനവും നല്‍കുന്ന വിധത്തിലാണ് അവയുടെ രൂപകല്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനായുള്ള ബസ്സില്‍ ദേശീയപതാകയുടെ നിറമാണ്‌ നല്‍കിയിരിക്കുന്നത് കൂടാതെ '11 കളിക്കാര്‍ ‍, നൂറ് കോടി ഹൃദയമിടിപ്പുകള്‍ ' എന്ന മുദ്രാവാക്യമാണ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ പതിനാറു രാജ്യങ്ങളാണു നാലു ഗ്രൂപ്പുകളിലായി കളത്തിലിറങ്ങുക. അഞ്ചു സ്റ്റേഡിയങ്ങളിലായാണു മല്‍സരങ്ങള്‍ ‍. ഓസ്ട്രേലിയയും ദക്ഷിണ കൊറിയയുമടങ്ങുന്ന ’സി ഗ്രൂപ്പിലാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ മല്‍സരം 10ന് ഓസ്ട്രേലിയയ്ക്കെതിരെയാണ്. രണ്ടാമത്തെ മല്‍സരം 14നു ബഹ്റൈനെതിരെയും അവസാനത്തേതു 18നു ദക്ഷിണ കൊറിയയ്ക്കെതിരെയുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.afcasiancup.com. എന്ന സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.