ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരില്‍ ഇമെയില്‍ വഴി മലയാളി ഉദ്യോഗാര്‍ഥിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം. എയര്‍വെയ്‌സിന്റെ ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കാണ് വ്യാജ നിയമന ഉത്തരവ് നല്‍കി തട്ടിപ്പിന് ശ്രമം നടന്നത്.
ഇമെയിലില്‍ ചോദ്യാവലി നല്‍കി പരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യൂവും നടത്തിയ ശേഷം ഇമെയിലില്‍ തന്നെ നിയമന ഉത്തരവും നല്‍കുകയായിരുന്നു. ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസിലേക്കായിരുന്നു നിയമനം. കമ്പനിക്കും ഉദ്യോഗാര്‍ഥിക്കുമിടയില്‍ ഇടത്തട്ടുകാര്‍ പാടില്ലെന്നും എഴുത്തുകുത്തുകളും മറ്റിടപാടുകളും കമ്പനിയുമായി നേരിട്ടായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
വിസ, യാത്രാരേഖകള്‍ എന്നിവ ശരിയാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലണ്ടനിലെ ഔദ്യോഗിക ലീഗല്‍ അഡൈ്വസര്‍മാരായ റോലാന്‍ഡ് ചേമ്പേഴ്‌സുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. വിസ, യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ എന്നിവക്കായി അഞ്ചുലക്ഷം രൂപയോളം നല്‍കാനാണ് ആവശ്യപ്പെട്ടത്. വെസ്‌റ്റേണ്‍ മണി ട്രാന്‍സ്ഫറിലൂടെ തുക കൈമാറാനും നിര്‍ദേശിച്ചു.
വിസ, യാത്രാ രേഖകള്‍ എന്നിവയുടെ മുഴുവന്‍ ചെലവും ഖത്തര്‍ എയര്‍വെയ്‌സ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നും ജോലിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം തുക മുഴുവനും മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു.ഇതില്‍ സംശയം തോന്നി ലണ്ടനിലുള്ള ബന്ധു മുഖേന ഉദ്യോഗാര്‍ഥി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഖത്തര്‍ എയര്‍വെയ്‌സിന് ബ്രിട്ടനില്‍ ഇങ്ങനെയൊരു ലീഗല്‍ അഡൈ്വസര്‍ ഇല്ലെന്ന് എര്‍വെയ്‌സ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ മന്‍സിലാക്കാന്‍ സാധിച്ചത്. കമ്പനി രേഖകള്‍ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പാണിതെന്നും കമ്പനിക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ഉദ്യോഗാര്‍ഥിയെ അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്‌സിലെ നിയമനം സംബന്ധിച്ച് സംശയമുള്ള ഉദ്യോഗാര്‍ഥികള്‍ തൊട്ടടുത്തുള്ള ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസുമായോ കമ്പനിയുടെ ദോഹയിലെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് വഴിയോ ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കാവൂ എന്നും ഇത്തരത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.