പേജുകള്‍‌

QATAR AIR DOHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
QATAR AIR DOHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 29, ബുധനാഴ്‌ച

നോക്കിയ വാങ്ങൂ; ഖത്തര്‍ എയര്‍‌വെയ്സില്‍ സൗജന്യമായി യാത്ര ചെയ്യൂ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ 2022ലെ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നോക്കിയയുടെ ഖത്തറിലെ വിതരണക്കാരായ സി.ജി.സി ഖത്തര്‍ എയര്‍വെയ്‌സുമായി ചേര്‍ന്ന് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.
നോക്കിയയുടെ തെരഞ്ഞെടുക്കപ്പെട്ട ഹാന്റ്‌സെറ്റുകള്‍ക്കൊപ്പം ഇന്ത്യയിലടക്കമുള്ള 22 കേന്ദ്രങ്ങളില്‍ ഒരെണ്ണം സന്ദര്‍ശിക്കുന്നതിന് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ് നല്‍കുന്ന പുതിയ ഓഫര്‍ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി (സി.ജി.സി) പ്രഖ്യാപിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, ഗോവ, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്‌സര്‍ ‍, ബംഗലുരു, അബൂദബി, ബഹ്‌റൈന്‍ ‍, ദുബൈ, കുവൈത്ത്, മസ്‌കത്ത്, അമ്മാന്‍ ‍, ബെയ്‌റൂത്ത്, ഡമാസ്‌കസ്, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നീ കേന്ദ്രങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കാനാണ് ടിക്കറ്റ് നല്‍കുക.
ഇന്നുമുതല്‍ ജനുവരി 31 അല്ലെങ്കില്‍ സ്‌റ്റോക്ക് തീരുന്നതുവരെ നോക്കിയയുടെ എന്‍ 8, ഇ 5, ഇ 63, ഇ 72, സി 7, സി 6, സി 3, എക്‌സ്.3 02, 6120 എന്നീ മോഡലുകള്‍ വാങ്ങുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31നകം യാത്ര ചെയ്തിരിക്കണം.
ഖത്തറിന്റെ ദേശീയ വിമാനകമ്പനിയുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഇതോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സി.ജി.സി സി.ഒ.ഒ അനില്‍ മഹാജന്‍ പറഞ്ഞു. തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അസുലഭമായ അവസരമാണ് ഇതുവഴി ലഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് ഇഹാബ് എ. ഫത്തഹ് അമീന്‍ പറഞ്ഞു.
എല്ലാ സി.ജി.സി നോക്കിയ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 44910666 എന്ന നമ്പറില്‍ ബന്ധപ്പെടണം. (വെബ്‌സൈറ്റ്: www.cgulfc.com). സി.ജി.സി സി.എഫ്.ഒ തൗഫീഖ് സലീം, ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദന അല്‍ നാംലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2010 ഡിസംബർ 26, ഞായറാഴ്‌ച

ലോകത്തെ മികച്ച എയര്‍വേസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിനു ലഭിച്ചു


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍വേസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിനു ലഭിച്ചു.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ ഖത്തര്‍ എയര്‍‌വേസിനീ പുരസ്കാരം ലഭിക്കുന്നത് .
അമേരിക്കയിലെ ബിസിനസ് മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ജനങ്ങളാണ് മികച്ച എയര്‍വേസായി ഖത്തറിനെ തിരഞ്ഞെടുത്തത്. ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ ലോകത്തെ മറ്റ് എയര്‍വേസുകളെ കടത്തിവെട്ടാനായതില്‍ അഭിമാനമുണ്ടെന്നു ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.
ഫൈവ് സ്റ്റാര്‍ സ്കൈ ട്രാക്സ് റാങ്കിങ്ങുള്ള ചുരുക്കം ചില വിമാനങ്ങളില്‍ ഒന്നാണു ഖത്തര്‍ എയര്‍വേസ്. മികച്ച എയര്‍വേസിനെ കണ്ടെത്താനായി ഈ വര്‍ഷം യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഖത്തര്‍ എയര്‍വേസ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
2013 ആകുമ്പോഴേക്കും 120 പ്രധാന കേന്ദ്രങ്ങളിലേക്കായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ഖത്തര്‍ എയര്‍വേസ് ലക്ഷ്യമിടുന്നത്.

2010 ഡിസംബർ 23, വ്യാഴാഴ്‌ച

ഖത്തര്‍ എയര്‍‌വെയ്സിന്റെ പേരിലും തട്ടിപ്പ്

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരില്‍ ഇമെയില്‍ വഴി മലയാളി ഉദ്യോഗാര്‍ഥിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം. എയര്‍വെയ്‌സിന്റെ ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കാണ്‌ വ്യാജ നിയമന ഉത്തരവ് നല്‍കി തട്ടിപ്പിന് ശ്രമം നടന്നത്.
ഇമെയിലില്‍ ചോദ്യാവലി നല്‍കി പരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യൂവും നടത്തിയ ശേഷം ഇമെയിലില്‍ തന്നെ നിയമന ഉത്തരവും നല്‍കുകയായിരുന്നു. ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസിലേക്കായിരുന്നു നിയമനം. കമ്പനിക്കും ഉദ്യോഗാര്‍ഥിക്കുമിടയില്‍ ഇടത്തട്ടുകാര്‍ പാടില്ലെന്നും എഴുത്തുകുത്തുകളും മറ്റിടപാടുകളും കമ്പനിയുമായി നേരിട്ടായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
വിസ, യാത്രാരേഖകള്‍ എന്നിവ ശരിയാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലണ്ടനിലെ ഔദ്യോഗിക ലീഗല്‍ അഡൈ്വസര്‍മാരായ റോലാന്‍ഡ് ചേമ്പേഴ്‌സുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. വിസ, യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ എന്നിവക്കായി അഞ്ചുലക്ഷം രൂപയോളം നല്‍കാനാണ് ആവശ്യപ്പെട്ടത്. വെസ്‌റ്റേണ്‍ മണി ട്രാന്‍സ്ഫറിലൂടെ തുക കൈമാറാനും നിര്‍ദേശിച്ചു.
വിസ, യാത്രാ രേഖകള്‍ എന്നിവയുടെ മുഴുവന്‍ ചെലവും ഖത്തര്‍ എയര്‍വെയ്‌സ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നും ജോലിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം തുക മുഴുവനും മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു.ഇതില്‍ സംശയം തോന്നി ലണ്ടനിലുള്ള ബന്ധു മുഖേന ഉദ്യോഗാര്‍ഥി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഖത്തര്‍ എയര്‍വെയ്‌സിന് ബ്രിട്ടനില്‍ ഇങ്ങനെയൊരു ലീഗല്‍ അഡൈ്വസര്‍ ഇല്ലെന്ന് എര്‍വെയ്‌സ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ മന്‍സിലാക്കാന്‍ സാധിച്ചത്. കമ്പനി രേഖകള്‍ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പാണിതെന്നും കമ്പനിക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ഉദ്യോഗാര്‍ഥിയെ അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്‌സിലെ നിയമനം സംബന്ധിച്ച് സംശയമുള്ള ഉദ്യോഗാര്‍ഥികള്‍ തൊട്ടടുത്തുള്ള ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസുമായോ കമ്പനിയുടെ ദോഹയിലെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് വഴിയോ ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കാവൂ എന്നും ഇത്തരത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.