തൃശൂര്‍: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. പ്ലാറ്റ്‌ഫോമില്‍നിന്നും നീങ്ങിത്തുടങ്ങുന്ന ട്രെയിനിലേക്ക് ഓടിക്കയറരുത്, ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിലും രണ്ടുപേര്‍ മരിച്ചതു പ്ലാറ്റ്‌ഫോമില്‍നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ്. രണ്ടുപേരുടേയും മരണത്തില്‍ സാദൃശ്യങ്ങളേറെയായിരുന്നു.
ഹാപ്പ-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങി ഭക്ഷണം വാങ്ങി തിരികെമടങ്ങുന്നതിനിടെയായിരുന്നു കഴിഞ്ഞദിവസം തിരുനല്‍വേലി സ്വദേശി സുഭാഷ് ചന്ദ്രബോസ് ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍പെട്ട് മരണമടഞ്ഞത്. ഇന്നലെ ചാലക്കുടി നാലുകെട്ട് സ്വദേശി ശിവദാസനും ഇതേപോലെ മരിച്ചത്.
ഇത്തരം അപകടങ്ങള്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഉണ്ടാകുന്നുണ്ട്. ഇതു തടയാനോ നിയന്ത്രിക്കാനോ റെയില്‍വേക്കു യാതൊരു നടപടിയുമില്ലെന്നതാണ് വസ്തുത. യാത്രക്കാര്‍തന്നെയാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുമ്പോള്‍ ട്രെയിനിന്റെ വേഗം ഒരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും ട്രാക്കിലേക്കു വീഴാന്‍ സാധ്യതയേറെയാണെന്നും അധികൃതര്‍ പറഞ്ഞു. ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ഇറങ്ങുന്നതും ഇതുപോലെ അപകടം പിടിച്ചതാണ്. ഇതു രണ്ടും ഒഴിവാക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തുടര്‍ച്ചയായ അനൗണ്‍സ്‌മെന്റുകള്‍ റെയില്‍വേ സ്റ്റേഷനില്‍ നല്‍കുക മാത്രമേ റെയില്‍വേക്കു ചെയ്യാനാകൂ. അപകടമുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകളും വ്യാപകമായി സ്ഥാപിക്കാം. ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ ഇടയ്ക്കിടെ ഓരോ സ്റ്റേഷനിലും ഇറങ്ങി ട്രെയിന്‍ പുറപ്പെടുംമുമ്പ് ഓടിക്കയറുന്ന പ്രവണത കൂടിവരികയാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തിലുളള അപകടങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്നും വീണ ഒരു സന്യാസിയെ പൂത്തോള്‍ ഓവര്‍ബ്രിഡ്ജിനു താഴെനിന്ന് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ട്രെയിനിന്റെ വാതില്‍ക്കല്‍നിന്ന് യാത്ര ചെയ്യുന്നതും ഒഴിവാക്കാന്‍ റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്. അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ യാത്രക്കാര്‍തന്നെയാണ് ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമെന്നു റെയില്‍വേ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുമ്പോഴും യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതിന്റെ ഫലമാണ് ട്രാക്കില്‍ പൊലിയുന്ന ജീവിതങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.