പേജുകള്‍‌

2011, ജൂലൈ 14, വ്യാഴാഴ്‌ച

മുംബൈയില്‍ വീണ്ടും സ്ഫോടന പരമ്പര

മുംബൈ: മുംബൈയില്‍ ഇന്നലെയുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ 17 മരണം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. മുംബൈയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ഉപമുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്. 

131 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിമൂന്ന് ആശുപത്രികളിലായിട്ടാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 23 പേരുടെ പരിക്ക് ഗുരുതരമാണ്. 82 പേരുടെ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. 26 പേരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് പറയാറായിട്ടില്ല. എല്ലാ തീവ്രവാദി സംഘടനകളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. 

മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയും മുംബൈ ക്രൈംബ്രാഞ്ചും ആണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇവരെ സഹായിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നും ചിദംബരം പറഞ്ഞു. 

സ്ഫോടനത്തെക്കുറിച്ച് മനസിലാക്കാതെ പോയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമായി ചിത്രീകരിക്കാനാകില്ലെന്ന് ചിദംബരം പറഞ്ഞു. രഹസ്യമായിട്ടാണ് ആക്രമണ പദ്ധതി തയാറാക്കിയതെന്നാണ് മനസിലാക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നിടത്തായിരുന്നു ഇന്നലെ ഉഗ്രസ്ഫോടനം ഉണ്ടായത്. നഗരത്തിലെ തിരക്കേറിയ സാവേരി ബസാര്‍, ദാദര്‍, ഒപേറ ഹൌസ് എന്നിവിടങ്ങളില്‍ വൈകുന്നേരം ആറേമുക്കാലോടെയാണു സ്ഫോടങ്ങളുണ്ടായത്. 

ഭീകരാക്രമണമാണുണ്ടായതെന്നു ആഭ്യന്തരമന്ത്രാലയം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ദക്ഷിണ മുംബൈയിലെ സാവേരി ബസാറിലെ പ്രസിദ്ധമായ മുംബാദേവി ക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം. സ്വര്‍ണ- രത്ന വ്യാപാര കേന്ദ്രമായ ഇവിടെ പരസ്യബോര്‍ഡില്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിക്കുകയായിരുന്നു. 

തിരക്കേറിയ റെയില്‍വേ സ്റേഷനുള്ള ദാദറിലെ കബുത്തര്‍ഖാനയ്ക്കു സമീപം ടാക്സി കാറിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ചാര്‍ണി റോഡിലെ ഒപേറ ഹൌസിനടുത്തുള്ള ബസ് സ്റോപ്പിനു സമീപം പാര്‍ക്കുചെയ്തിരുന്ന ബൈക്കിലാണു മൂന്നാമത്തെ സ്ഫോടനം. ഇവിടെ ആറു പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. 15 കിലോമീറ്റര്‍ ചുറ്റളവിലാണു മൂന്നു സ്ഥലങ്ങളും. 

പരിക്കേറ്റവരെ ബൈക്കുള ജെ.ജെ.ഹോസ്പിറ്റല്‍, സി.എസ്.ടിയ്ക്കടുത്തുള്ള സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, നായര്‍ ഹോസ്പിറ്റല്‍, പരേല്‍ കെ. ഇ.എം.ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആഭ്യന്തരമന്ത്രി പി.ചിദംബരവുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ജനങ്ങള്‍ പുറത്തിറങ്ങുന്ന സമയമായിരുന്നതിനാല്‍ മൂന്നു സ്ഥലങ്ങളിലും നല്ല തിരക്കുണ്ടായിരുന്നു. സ്ഫോടനശബ്ദം കേട്ടതോടെ ജനങ്ങള്‍ നാലുപാടും ചിതറിയോടി. 

പരിഭ്രാന്തരായ ജനങ്ങള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതുമൂലം ടെലിഫോണ്‍ ലൈനുകളെല്ലാം നിശ്ചലമായി. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സ്ഫോടനങ്ങളെ അപലപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ശാന്തമായിരിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. സ്ഫോടനം നടന്നു മിനിറ്റുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി എന്നിവര്‍ സംഭവത്തെ അപലപിച്ചു. 

2008 നവംബര്‍ എട്ടിന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നു മോചനം നേടിവരുമ്പോഴാണ് മുംബൈയെ നടുക്കി വീണ്ടും സ്ഫോടനമുണ്ടായത്. 2006 ജൂലൈ 11 ന് ഇരുന്നൂറിലേറെപ്പേര്‍ മരിച്ച ട്രെയിന്‍ സ്ഫോടനപരമ്പരയുടെ അഞ്ചാം വാര്‍ഷികം കഴിഞ്ഞു നാലാം ദിനത്തിലാണു വീണ്ടും സ്ഫോടനമുണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.